തോരാമഴയില്‍ ഇടുക്കി ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. കാലവര്‍ഷമെത്തും മുമ്പ് തന്നെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കനത്തു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ബുധനാഴ്ച ഉച്ചയോടെ അല്‍പ്പം തോര്‍ന്നെങ്കിലും രാത്രി വീണ്ടും കനത്തു. വ്യാഴാഴ്ച ഉച്ചയോടെ അല്‍പം ശമനമുണ്ടായിട്ടുണ്ട്. ശരാശരി 36.42 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ഇന്നലെ ലഭിച്ചത്. പീരുമേട്, തൊടുപുഴ താലൂക്കുകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്ന് മുതല്‍ മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
മാര്‍ച്ച് ഒന്ന് മുതല്‍ ഇന്നലെ വരെ ലഭിക്കേണ്ട മഴയേക്കാള്‍ 91 ശതമാനം കൂടുതലാണ് പെയ്തത്. 304.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 581.7 മില്ലി മീറ്റര്‍ മഴ കിട്ടി. കാലവര്‍ഷമെത്തുന്നതിന് മുമ്പ് ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. മഴ മുന്നറിയിപ്പ് മാറുന്നതു വരെ ഇവിടെ തൊഴിലെടുക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴയെ തുടര്‍ന്ന്് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇടുക്കി അണക്കെട്ടിലേക്ക് 11.048 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ ഒഴുകിയെത്തിയത്. 2340 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 38 ശതമാനമാണിത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 31.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലുയര്‍ന്ന് 130.36 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. മലങ്കര, പൊന്മുടി, ലോവര്‍ പെരിയാര്‍, നേര്യമംഗലം ഡാമുകളിലേക്കുള്ള നീരൊഴുക്കിലും വര്‍ധനയുണ്ട്.
മഴയുടെ അളവ് (മില്ലി മീറ്ററില്‍)
താലൂക്ക് തിരിച്ച്
തൊടുപുഴ 57.6
ഉടുമ്പഞ്ചോല 11.6
ദേവികുളം 39
പീരുമേട് 42.3
ഇടുക്കി 31.6