ഒമാനിൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
മൂന്നു വാഹനങ്ങളിലായി ഒമ്പതുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് വേണ്ടി നടത്തിയ തിരിച്ചിലിനിടെയാണ് ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയിരുന്നത്.
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. പാറകൾ ഇടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്.
പലയിടങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. തെക്ക്, വടക്ക് ശർഖിയ, വടക്ക്, തെക്ക് ബാത്തിന, ദാഹിറ ദാഖിലിയ, മസ്‌കത്ത് തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. വാദികൾ പലയിടത്തും നിറഞ്ഞൊഴുകുകയാണ്.