കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.
കാസർഗോഡ് ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലാ റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് കലക്ടർ അറിയിച്ചു. ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ ഇതുവഴി ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
റെഡ് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം തുടർച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജൻ ഉന്നത തല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ലാൻഡ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ഓൺലൈനായി ചേരുന്ന യോഗത്തിൽ കളക്ടർമാർ, ആർ ഡി ഒമാർ, തഹസിൽദാർ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം കോഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക്സിലെ വയൽവളപ്പിൽ സഫിയയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീടിനകത്തുണ്ടായിരുന്ന സഫിയയുടെ മകൻ സമീർ ഇറങ്ങി ഓടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.