വരും മണിക്കൂറുകളിലും കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പ്രൊഫണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ്-സിബിഎസ്ഇ,-ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധിയുള്ളത്. മിക്ക ജില്ലകളിലും നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടങ്ങൾ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കാസർഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത.
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ
പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. കൊച്ചി പാലാരിവട്ടത്ത് മരം വീണ് രണ്ടു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കൊല്ലത്തും വ്യാപക നാശനഷ്ടം ഉണ്ടായി. ചെങ്കോട്ട റെയിൽ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ- കൊല്ലം -പുനലൂർ- മെമ്മു സർവീസുകൾ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകൾ തകർന്നു.
കടൽക്ഷോഭം രൂക്ഷം
കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. കടലുണ്ടി വാക്കടവിന് സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. സമീപവാസികൾ ഒഴിഞ്ഞു പോയി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എറണാകുളം ഞാറക്കൽ വെളിയത്താം പറമ്പിൽ കടലാക്രമണം രൂക്ഷമായി. 200ലധികം വീടുകളിൽ വെള്ളം കയറി. ചെല്ലാനം, പുത്തൻ തോട്,ചെറിയ കടവ്,കണ്ണമാലി മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. കടൽക്ഷോഭത്തെ തുടർന്ന് മലപ്പുറം പൊന്നാനിയിൽ 20 വീടുകളിൽ വെള്ളം കയറി. പത്തനംതിട്ടയിൽ മണിമലയാർ കരകവിഞ്ഞ് നാലു വീടുകളിൽ വെള്ളം കയറി.
പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ 70 സെന്റീമീറ്റർ ഉയർത്തി. കോട്ടാലിങ്ങലിൽ കിണർ ഇടിഞ്ഞു താഴുന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. തിരുവല്ല പെരിങ്ങയിൽ ആൽമരത്തിന്റെ ചില്ല ഒടിഞ്ഞ് രണ്ട് കാറുകൾക്ക് കേടുപാടുകൾ പറ്റി. ഏനാദിമംഗലത്ത് തേക്ക് കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിന് സമീപം മരം കടപുഴകി വീണു. നാലുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. തിരമാലയുടെ വേഗത സെക്കൻഡിൽ 50 cm നും 65 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.