weather 12/12/24 : WML ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത

weather 12/12/24 : WML ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദം (well marked low pressure – WML) ശ്രീലങ്കയുടെ തീരത്തേക്ക് അടുക്കുന്നു. ഇതു മൂലം ഇന്ന് തമിഴ്നാട്ടിലും കേരളത്തിലും മഴ ശക്തിപ്പെടും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ശ്രീലങ്കക്കും തമിഴ്നാടിനും ഇടയിലുള്ള പ്രദേശത്തേക്ക് ന്യൂനമർദ്ദം എത്തും.

തമിഴ്നാട്ടിൽ മഴ തുടങ്ങി

ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഇന്നലെ മുതൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായ മേഘങ്ങൾ തമിഴ്നാടിന് മുകളിൽ എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ചെന്നൈ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നു മുണ്ട്. ഇന്ന് തമിഴ്നാടിന്റെ തെക്കൻ മേഖലകളിലും മധ്യമേഖലകളിലും കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും.

മധുരൈ, ദിണ്ഡുക്കൽ, തിരുവണ്ണാമലൈ, ചെന്നൈ, തൂത്തുകുടി, കോവിൽ പട്ടി, രാമേശ്വരം, കടലൂർ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. സേലം, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ഈറോഡ്, നാമക്കൽ തുടങ്ങിയ ജില്ലകളിലും ശക്തമായ മഴ സാധ്യത.

കേരളത്തിൽ ഇന്ന് മുതൽ

കേരളത്തിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്നുമുതൽ മഴ തുടങ്ങും. ഉച്ചയ്ക്കുശേഷം മധ്യ തെക്കൻ കേരളത്തിൽ മഴ സാധ്യത. രാവിലെ മുതൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ മേഘാവൃതമായ അന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനങ്ങളിൽ സൂചിപ്പിച്ചതുപോലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ആദ്യമഴ ഇടുക്കി ജില്ലയിലാണ് ലഭിക്കുക.

ആദ്യമഴ ഉച്ചക്ക് ശേഷം ഇടുക്കിയിൽ

ഇന്ന് ഉച്ചയ്ക്കുശേഷം ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇടിയോടു കൂടെയുള്ള മഴ സാധ്യത. തുടർന്ന് എറണാകുളം, തൃശ്ശൂര്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ ലഭിക്കും. രാത്രിയോടെ പാലക്കാട് ജില്ലയിലും മഴ സാധ്യത. വടക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. കേരളത്തിൽ ഇന്നും നാളെയുമാണ് ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയെ തുടർന്ന് കേരളത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, ഇടുക്കി, ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേരളത്തിൽ തീവ്രമഴ സാധ്യത കുറവ്

ന്യൂനമർദ്ദം കരകയറ്റുന്ന ഈർപ്പത്തിൽ കൂടുതലും തമിഴ്നാട്ടിലും മറ്റുമായി പെയ്തു പോകും. തമിഴ്നാട്ടിൽ ലഭിക്കുന്ന അതിശക്തവും തീവ്രവുമായ മഴ കേരളത്തിൽ ലഭിക്കാൻ സാധ്യതയില്ല. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ അതി ശക്തമായ മഴ പെയ്തേക്കും. ന്യൂനമർദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാത അനുസൃതമായാണ് ഈ മഴ പ്രവചനം. സഞ്ചാരപാതയിൽ മാറ്റം വന്നാൽ പ്രദേശങ്ങളും മഴ സാധ്യതയും മാറും.

ചുഴലിക്കാറ്റ് സാധ്യതയില്ല

ന്യൂനമർദ്ദം തമിഴ്നാട് തീരത്തെത്തി ശക്തിപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ ചുഴലിക്കാറ്റ് ആകാൻ സാധ്യതയില്ല. കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് പോവുകയാണെങ്കിൽ വീണ്ടും ശക്തിപ്പെട്ടേക്കാം. അടുത്ത ദിവസങ്ങളിലും കൂടുതൽ നിരീക്ഷണങ്ങൾ നടത്തേണ്ടിവരും. ഇതിന് പിന്നാലെ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനിരിക്കുന്നുണ്ട്. അതും നമുക്ക് മഴ നൽകാൻ കാരണമാകും.

ഈ ന്യൂനമർദ്ദം കുറച്ചു ദിവസങ്ങളിലായി ഇന്തോനേഷ്യക്ക് സമീപം തുടരുകയായിരുന്നു. കഴിഞ്ഞദിവസം ശക്തമായ മഴയെ തുടർന്ന് ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായി. ഉരുൾപൊട്ടലിൽ ഇതുവരെ 15 പേർ മരിച്ചതായാണ് റിപ്പോർട്ട്. നേരത്തെ ഫിൻജാൽ ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദ്ദവും രൂപപ്പെട്ടത് ഇന്തോനേഷ്യക്ക് സമീപമായിരുന്നു. ഈ ന്യൂനമർദ്ദവും ഇന്തോനേഷ്യയിൽ കനത്ത മഴ നൽകുകയും സുമാത്രക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി 11 പേർ മരിക്കുകയും ചെയ്തിരുന്നു. ന്യൂനമർദ്ദം ഇന്തോനേഷ്യയിൽ നിന്ന് ശ്രീലങ്കയുടെ ഭാഗത്തേക്ക് നീങ്ങിയതോടെ ഇന്തോനേഷ്യയിൽ ഇനി മഴ കുറയും. ശ്രീലങ്കയിൽ കനത്ത മഴക്കും വെള്ളക്കെട്ടുകൾക്കും സാധ്യത.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020