നട്ടുച്ചയ്ക്ക് ഇരുട്ടുമൂടി മഴ, ഇനി ഇടി കുറയും; പെയ്യാനൊരുങ്ങി സാധാരണ കാലവര്‍ഷം
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) ദക്ഷിണേന്ത്യയിലെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതോടെ കേരളത്തില്‍ ഇടിമിന്നലിന്റെ ശക്തികുറയും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മിന്നലും മേഘവിസ്‌ഫോടനവും തീവ്രമഴയും ലഭിച്ചിരുന്നെങ്കില്‍ രണ്ടു ദിവസത്തിനു ശേഷം സാധാരണ കാലവര്‍ഷത്തിലേക്ക് അന്തരീക്ഷ സാഹചര്യമൊരുങ്ങും.
കാലവര്‍ഷം ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും എത്തി
ഇന്നലെ മംഗലാപുരം വരെ എത്തിനിന്ന കാലവര്‍ഷക്കാറ്റ് ഇന്ന് വൈകിട്ട് കര്‍ണാടകയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എത്തി. Northern Limit of Monsoon (NLM) നിലവില്‍ ഹൊന്നാവര്‍, ബെല്ലാരി, കുര്‍നൂല്‍, നാര്‍സാപൂര്‍, പശ്ചിമബംഗാളിലെ ഇസ്‌ലാം പൂര്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വൈകിട്ടത്തെ ബുള്ളറ്റിനില്‍ അറിയിച്ചു.
അടുത്ത സ്റ്റോപ് മഹാരാഷ്്ട്ര
അടുത്ത 5 ദിവസത്തിനകം അറബിക്കടലിന്റെ മധ്യമേഖല, കര്‍ണാടയുടെ ശേഷിക്കുന്ന ഭാഗം, തെക്കന്‍ മഹാരാഷ്ട്ര, ഗോവ, രായലസീമയുടെ ശേഷിക്കുന്ന പ്രദേശങ്ങള്‍, തെലങ്കാന, തീരദേശ ആന്ധ്രാപ്രദേശ്, തെക്കന്‍ ചത്തീസ്ഗഢിന്റെ ചില ഭാഗങ്ങള്‍, തെക്കന്‍ ഒഡിഷ, ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് മേഖലളില്‍ കൂടി വ്യാപിക്കാനുള്ള അന്തരീക്ഷസ്ഥിതിയാണ് പ്രവചിക്കപ്പെടുന്നത്.
നട്ടുച്ചയ്ക്ക് രാത്രിയായ കേരളം, ഇതാണ് കാരണം
പകല്‍ പെട്ടെന്ന് രാത്രിപോലെ ഇരുണ്ട് ശക്തമായ മിന്നലും ഇടിയും പേമാരിയും പെയ്ത സാഹചര്യമായിരുന്നു ഏതാനും ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നത്. ഇതിന്റെ കാരണം പെട്ടെന്ന് കൂമ്പാര മേഘങ്ങളെന്ന ക്യുമിലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടുന്നതായിരുന്നു. ചില പ്രദേശത്ത് മണിക്കൂറില്‍ 10 സെ.മി വരെ മഴ ലഭിക്കുകയും ചെയ്തു.
കാലവര്‍ഷം കേരളത്തില്‍ എത്തിയ ശേഷം മൂന്നു ദിവസത്തോളം വടക്കോട്ടേക്ക് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കാലവര്‍ഷം കേരളത്തില്‍ എത്തിയാല്‍ അടുത്ത ദിവസങ്ങളില്‍ വടക്കോട്ടേക്ക് പതിയെ വ്യാപിച്ചു തുടങ്ങുകയും 40-45 ദിവസം കൊണ്ട് ഇന്ത്യ പൂര്‍ണമായി വ്യാപിക്കുകയും ചെയ്യും. ഇതിനെയാണ് Northern Limit of Monsoon (NLM) എന്നു പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണ്‍സൂണ്‍ പുരോഗമന രേഖയെന്ന NLM മന്ദഗതിയിലായിരുന്നു.
വന്‍തോതില്‍ കൂമ്പാരമേഘം രൂപപ്പെട്ടു
തെക്കു നിന്നുള്ള ഈര്‍പ്പമുള്ള മണ്‍സൂണ്‍ കാറ്റും ഉത്തരേന്ത്യയില്‍ നിന്നുള്ള വരണ്ട ഉഷ്ണക്കാറ്റും അന്തരീക്ഷത്തിന്റെ ഉയരങ്ങളില്‍ സംഗമിച്ചതാണ് കൂമ്പാര മേഘങ്ങളെ നിര്‍മിച്ചത്. ഇതാണ് മേഘവിസ്‌ഫോടനത്തിന് കാരണമായതും. തമിഴ്‌നാടിനും കേരളത്തിലും മുകളില്‍ ഇത്തരം മേഘരൂപീകരണം പെട്ടെന്ന് നടക്കുകയും തുടര്‍ന്ന് ശക്തമായ മിന്നലും കാറ്റും മഴയും ഉണ്ടാകുകയും ചെയ്തു. കാലവര്‍ഷം വടക്കോട്ട് പുരോഗമിച്ചതോടെ ഈ അവസ്ഥയ്ക്ക് ഇനി കുറവുണ്ടാകും.
രണ്ടു ദിവസം കൂടി മഴക്കൊപ്പം കേരളത്തില്‍ ഇടിശബ്ദം കേള്‍ക്കും. തുടര്‍ന്ന് കാലവര്‍ഷക്കാറ്റ് കൂടുതല്‍ സജീവമാകുന്നതോടെ സാധാരണ കാലവര്‍ഷ മഴ ലഭിച്ചു തുടങ്ങും. സമുദ്രനിരപ്പില്‍ നിന്ന് 3 കി.മി ഉയരത്തില്‍വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷക്കാറ്റ് സജീവമായിരുന്നത്. അതിനു മുകളില്‍ കാറ്റിന്റെ ദിശ കിഴക്കു നിന്നായിരുന്നു. ഈ കാറ്റാണ് അന്തരീക്ഷത്തിന്റെ മിഡ് ലെവലില്‍ രൂപപ്പെട്ട കൂമ്പാര മേഘങ്ങളെ കേരളത്തിലേക്ക് എത്തിച്ചത്. കേരളത്തിനു മുകളിലും ഇത്തരം മേഘങ്ങള്‍ രൂപപ്പെട്ടു കനത്തു പെയ്തിരുന്നു.
നട്ടുച്ചയ്ക്ക് രാത്രിയായ കേരളം, ഇതാണ് കാരണം
കേരള തീരത്ത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും മധ്യ ഉയരത്തിലും രണ്ടു ചക്രവാതച്ചുഴികള്‍ നിലവില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് യഥാക്രമം 3.1, 5.8 കി.മി ഉയരങ്ങളിലാണുള്ളത്. ഇതോടൊപ്പം തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളുണ്ട്.
ഉത്തരേന്ത്യയില്‍ മധ്യപ്രദേശില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തില്‍ ചക്രവാതച്ചുഴിയുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ചക്രവാതച്ചുഴികള്‍ രൂപപ്പെട്ടത് വരണ്ട കാറ്റിനെ ഉത്തരേന്ത്യയില്‍ കേന്ദ്രീകരിക്കപ്പെടും. ഇത്തരം സാഹചര്യം കാലവര്‍ഷം പുരോഗമിക്കാന്‍ അനുകൂലമാകുകയും കേരളത്തില്‍ ഇടി കുറയ്ക്കുകയും ചെയ്യും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.