സൗദിയിൽ കനത്ത മഴ പ്രളയം: 2 മരണം

സൗദിയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെയോടെ തുടങ്ങിയ ഇടിയോടൂകൂടെയുള്ള മഴ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കി. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും കനത്ത മഴ വെള്ളത്തിനടിയിലാക്കി. കാറുകൾ ഒലിച്ചുപോയി, ഗോഡൗണുകളിൽ നിന്ന് ഫ്രിഡ്ജും മറ്റും ഒലിച്ചു പോകുന്ന വിഡിയോയും വൈറലായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. ഇതോടെ ജനജീവിതം സ്തംഭിച്ചു. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. കാറ്റും ആലിപ്പഴ വർഷവും മിന്നലും റിപ്പോർട്ട് ചെയ്തു. മദീനയിലും മഴ പെയ്തു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ പ്രഭാത നിസ്‌കാരത്തിനിടെ മഴ ലഭിച്ചു. യാമ്പൂ, തബൂക്ക്, റാബിഗ് എന്നിവിടങ്ങളിലും മഴയുണ്ടായി. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്‌കൂളുകൾക്ക് അവധി നൽകി. കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴ വിമാനസർവിസുകളെയും ബാധിച്ചു. ജിദ്ദയിലെ പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുന്നുണ്ട്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
2009 ലും മഴയെ തുടർന്ന് ജിദ്ദയിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
റിയാദിന് തെക്കു മുതൽ ഇറാഖ്, സിറിയ, തുർക്കി വരെയുള്ള മേഘസാന്നിധ്യമാണ് മഴ നൽകിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലും ഒമാനിലും മഴ ലഭിച്ചിരുന്നു. ഖത്തറിലും നാളെ ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. ലോകകപ്പിനെ ബാധിച്ചേക്കില്ല.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment