ഒമാനിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യത. ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്ന് മഴ ശക്തിപ്പെടാനാണ് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ നാലു മീറ്റർ വരെ ഉയരത്തിൽ തിരമാലകളും ഉണ്ടാകും. അൽ ഹജർ പർവത നിരകളുടെ താഴ് വാരങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യത. തലസ്ഥാനമായ മസ്‌കത്തിലും മധ്യ ഒമാനിലും മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. മഴ അടുത്ത ദിവസങ്ങളിൽ യു.എ.ഇ, സൗദി അറേബ്യയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കും വ്യാപിക്കും. യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ മഴ സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറളജി (എൻ.സി.എം) അറിയിച്ചു.
ഒമാനിൽ ജാഗ്രതാ നിർദേശം
കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ 8 സെ.മി വരെ മഴ ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ കാലാവസ്ഥാ വകുപ്പ്, സിവിൽ ഏവിയേഷൻ അതോറിറ്റി, റോയൽ ഒമാൻ പൊലിസ് എന്നിവരും ജാഗ്രത പുറപ്പെടുവിച്ചു. ഹജർ മലനിരകൾക്കൊപ്പം ബുറൈമി, ബാത്വിന, അൽ ദാഹിറ, അൽ ദാഖിലിയ എന്നിവിടങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ചു കടക്കരുതെന്നും റോയൽ ഒമാൻ പൊലിസ് നിർദേശിച്ചു. ജൂൺ 29 ന് ജബൽ അക്തർ മേഖലയിൽ വെള്ളത്തിലൂടെ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ എസ്.യു.വി പ്രളയജലത്തിൽ കുടുങ്ങിയതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിനെ തുടർന്നായിരുന്നു ഇത്. ഇന്ത്യയിൽ മൺസൂൺ ശക്തിപ്പെട്ടതും ന്യൂനമർദം രൂപപ്പെട്ടതിനാലും ഒമാനിലും കനത്ത മഴ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. തെക്കൻ ഒമാനിലെ സലാലയിലും ഇപ്പോൾ മഴക്കാലമാണ്. ജൂൺ 15 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് സലാലയിലെ മഴക്കാലം.