ചൂടിന് ആശ്വാസമാകും, വേനല്‍ മഴ വടക്കന്‍ കേരളത്തിലും എത്തും
കേരളത്തില്‍ അനുഭവപ്പെടുന്ന കൊടും ചൂടിന് നാളെ (മെയ് 3) മുതലുള്ള ദിവസങ്ങളില്‍ ആശ്വാസം ലഭിച്ചേക്കും. ഭൂമധ്യരേഖാ പ്രദേശം മുതല്‍ കര്‍ണാടക വരെയുള്ള മേഖലയിലെ അന്തരീക്ഷം അവലോകനം ചെയ്യുമ്പോഴാണിതെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു. മെയ് നാലിനു ശേഷം താപതരംഗത്തില്‍ നിന്ന് ആശ്വാസമാകുകയും മെയ് 7 ഓടെ കൂടുതല്‍ വേനല്‍ മഴ ലഭിക്കുകയും ചെയ്യുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതര്‍ സൂചന നല്‍കിയിരുന്നു.
വടക്കന്‍ കേരളം പൊള്ളുന്നു
നാലു മാസത്തോളമായി മഴ വിട്ടുനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും വരള്‍ച്ചയും താപതരംഗം മൂലമുള്ള പ്രശ്‌നങ്ങളും രൂക്ഷമാണ്. ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടു പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. കോഴിക്കോട് നഗരത്തിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ചൂട് കൂടി. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് കോഴിക്കോട് നഗരത്തില്‍ രേഖപ്പെടുത്തിയ താപനില. സാധാരണയേക്കാള്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
2016 ന് ശേഷം ആദ്യം
എല്‍നിനോ വര്‍ഷമായ 2016 ന് ശേഷം ഇപ്പോഴാണ് ഇത്രയും കൂടുതല്‍ ചൂട് കോഴിക്കോട്ട് രേഖപ്പെടുത്തുന്നത്. 2016 മെയ് 1 ന് നഗരത്തില്‍ 39.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിലും ഇന്ന് 38.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട്ടാണ്. ഇന്നും പാലക്കാട്ട് സാധാരണയേക്കാള്‍ കൂടുതല്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. ദീര്‍ഘനാള്‍ 40 ഡിഗ്രിക്ക് മുകളിലായിരുന്നു പാലക്കാട്ടെ താപനില. ഇന്നലെ 40 ഡിഗ്രിയില്‍ നിന്ന് കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും 40.4 ഡിഗ്രിയായി ഉയര്‍ന്നു.
അന്തരീക്ഷ പരിവര്‍ത്തന കാലം
ചൂട് കൂടി നില്‍ക്കുന്നതും ഉഷ്ണ തരംഗവും ജനങ്ങളില്‍ ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും അടുത്ത ദിവസം മുതല്‍ ചൂടിന് ആശ്വാസം കണ്ടു തുടങ്ങുകയും വേനല്‍ മഴക്ക് അനുകൂല സാഹചര്യം ഒരുങ്ങുകയും ചെയ്യുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. എന്നാല്‍ മെയ് മാസത്തിലും ചൂട് കൂടുമെന്നും സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നു.
റെക്കോര്‍ഡ് ചൂടിന് കാരണം
ഉഷ്ണതരംഗത്തിന് സഹാകമാകുന്ന വിധമുള്ള വിന്റ്പാറ്റേണ്‍ ആണ് സംസ്ഥാനത്ത് ചൂടിന് കാരണമായത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കാറ്റിന്റെ ഗതിയില്‍ വിവിധ അന്തരീക്ഷതലങ്ങളില്‍ മാറ്റം വരുമെന്ന് മെറ്റ്ബീറ്റ് വെതര്‍ സീനിയര്‍ വെതര്‍ ഫോര്‍കാസ്റ്റ് കണ്‍സല്‍ട്ടന്റ് അഭിലാഷ് ജോസഫ് പറയുന്നു. പ്രാദേശിക അടിസ്ഥാനത്തിലുള്ള മര്‍ദവ്യതിയാനങ്ങളുടെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് ഇതിനു പിന്നാലെ മെയ് 7 ഓടെ കേരളത്തില്‍ വേനല്‍ മഴ വീണ്ടും ലഭിക്കാനിടയാക്കും.
വരുന്നു കാറ്റും മഴയും, കൃഷി നാശവും
വടക്കന്‍ കേരളത്തില്‍ മെയ് രണ്ടാംവാരത്തിലും അതിനു ശേഷവും വേനല്‍ മഴ ലഭിക്കും. തീരദേശങ്ങളില്‍ ഉള്‍പ്പെടെ മെയ് 10 ഓടെ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ ഇടിയോടെയും മിന്നലോടെയും ഏറെ നേരം നീണ്ടുനില്‍ക്കാത്ത മഴയാണ് കിഴക്കന്‍ മേഖലയില്‍ നിന്ന് പടിഞ്ഞാറേക്ക് നീങ്ങുന്ന രീതിയില്‍ ലഭിക്കുക. വേനല്‍മഴക്കൊപ്പമുണ്ടാകുന്ന ഗസ്റ്റ് വിന്റ് എന്നറിയപ്പെടുന്ന പെട്ടെന്നുള്ള മഴയും കാറ്റും മൂലം കൃഷിനാശത്തിനും ഇടയാക്കും.
FOLLOW US ON GOOGLE NEWS