യു.എസിലെ ഹവായ് നഗരവും വിഴുങ്ങി കാട്ടുതീ; മരണം 80 കടന്നു
പടിഞ്ഞാറൻ യു.എസിലെ ദ്വീപ് രാഷ്ട്രമായ ഹവായിയിൽ കാട്ടുതീ നഗരത്തെയും വിഴുങ്ങി. ഒരാഴ്ചയിലേറേയായി തുടരുന്ന കാട്ടുതീയിൽ ഇതുവരെ 80 ലേറെ പേർ മരിച്ചു. വെള്ളിയാഴ്ച മൗയി കൗണ്ടി അറിയിച്ചതാണ് ഈ കണക്കെന്ന് യു.എസ് ടുഡേ റിപ്പോർട്ട് ചെയ്തു.
കാനാപാലിയിലെ തീ പ്രാദേശിക സമയം രാത്രി 8.30 ഓടെ പൂർണമായും അണയ്ക്കാനായി. കാലാവസ്ഥാ വ്യതിയാനമാണ് യു.എസിൽ കൊടുംചൂടിനും വരൾച്ചക്കും കാട്ടുതീയ്ക്കും കാരണമാകുന്നത്. കാട്ടൂതീ അണച്ച മേഖലയിൽ ഇന്ധന റിഫൈനറിയും പ്രവർത്തിക്കുന്നുണ്ട്. 3000 ഗ്യാലൺ ഗ്യാസും 500 ഗ്യാലൺ ഡീസലും 400 ഇന്ധന ടാങ്കറുകളും ഇവിടെയുണ്ടായിരുന്നു. തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് വൻ ദുരന്തമാകുമായിരുന്നു. ഈ ഇന്ധന ശുദ്ധീകരണ ശാലയിൽ നിന്ന് ശനിയാഴ്ച വിതരണം നിർത്തിവച്ചു.
ഹവായിലെ ചരിത്രപ്രധാന നഗരമായ ലഹെയ്‌നയിലും കാട്ടുതീ എല്ലാം നശിപ്പിച്ചു. ചരിത്രപരമായ റിസോർട്ട് നഗരമാണിത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതേ കുറിച്ച് അന്വേഷണവും നടക്കുന്നുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യത്തിൽ നടുക്കം പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് സർക്കാർ എല്ലാ സഹായവും പ്രഖ്യാപിച്ചു.
വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ഈ മേഖലയിൽ കാട്ടുതീ പടരാൻ കാരണമെന്നാണ് നാഷനൽ വെതർ സർവിസ് നൽകുന്ന സൂചന. ലഹൈനയിലെ 140 വർഷം പഴക്കമുള്ള ചരിത്രപരമായ ആൽമരവും തീപിടിത്തത്തിൽ കത്തിനശിച്ചിരുന്നു. നഗരത്തിലെത്തിയ കാട്ടുതീ പാർക്ക് ചെയ്ത കാറുകളെയും കെട്ടിടങ്ങളെയും അഗ്നിക്കിരയാക്കി. യുദ്ധഭൂമി പോലെയാണ് നഗരമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വരണ്ട വേനലിനൊപ്പം ടൊർണാഡോ ഭീഷണിയും യു.എസ് നഗരങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. 1992 ന് ശേഷം ഇത്ര വലിയ കാട്ടുതീ ഇവിടെ ഇതാദ്യമാണ്.