ഹവായിൽ കാട്ടുതീ : മൗയി ദ്വീപിൽ 36 മരണം; 150 വർഷം പഴക്കമുള്ള ആൽമരം കത്തി നശിച്ചു

ഹവായ് ദ്വീപായ മൗയിയിൽ അതിവേഗം പടരുന്ന കാട്ടുതീയിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. പൊള്ളലേറ്റവരെ ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർ​ഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. ദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ആൽമരവും,ഹവായിയൻ ചരിത്രത്തിൽ പ്രാധാന്യമുള്ള സുപ്രധാന ഘടനകളെയും വസ്തുക്കളെയും കാട്ടുതീ അപകടത്തിലാക്കിയിട്ടുണ്ട്.

150 വർഷം പഴക്കമുള്ള മരമാണിത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത് ലഹൈന കോർട്ട്‌ഹൗസിനും ലഹൈന ഹാർബറിനും മുന്നിൽ നട്ടുപിടിപ്പിച്ച ഈ വൃക്ഷം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ വൃക്ഷമാണ്. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അരനൂറ്റാണ്ട് മുമ്പ് ലഹൈനയിലേക്ക് പ്രൊട്ടസ്റ്റന്റ് ദൗത്യത്തിന്റെ സ്മരണയ്ക്കായി 1873-ൽ നട്ടുപിടിപ്പിച്ചപ്പോൾ ഇതിന് വെറും എട്ടടി ഉയരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വർഷങ്ങളോളം താമസക്കാരുടെ ശ്രദ്ധാപൂർവമായ പരിചരണം 60 അടിയിലധികം ഉയരത്തിൽ വളരാൻ സഹായിച്ചു.

മൗയി കാട്ടുതീയുടെ പ്രത്യേക കാരണം ഇതുവരെ നിർണ്ണയിച്ചിട്ടില്ല ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വരണ്ട സസ്യങ്ങളും ശക്തമായ കാറ്റും കുറഞ്ഞ ഈർപ്പവും അതിവേഗം നീങ്ങുന്ന തീപിടുത്തത്തിന് ആക്കം കൂട്ടിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.പ്രദേശത്ത് രാത്രിയും പകലുമായി ശക്തമായ തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾവിട്ട് ഓടേണ്ടിവന്നു. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പ്രദേശവാസികൾ സ്വയരക്ഷയ്ക്കായി കടലിലേക്ക് എടുത്തുചാടി. ഇവരിൽ മിക്കവരെയും യുഎസ് കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് കരയിലെത്തിച്ചു.

തീ അണയ്ക്കാനായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോ​ഗിച്ച് ശ്രമം തുടരുകയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അഭയമൊരുക്കുന്നതിനായി മൗയിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എന്നാൽ തീ പടരുന്ന സാഹചര്യത്തിൽ എല്ലാ ക്യാമ്പുകളിലും ആളുകളാൽ നിറഞ്ഞിരിക്കുകയാണ്.

തീപിടിത്തമുണ്ടായ ദ്വീപ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികളോട് ഇങ്ങോട്ട് വരരുതെന്ന് ഉദ്യോ​ഗസ്ഥർ നിർദേശം നൽകി. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായ ഫ്രണ്ട് സ്ട്രീറ്റിൽ ഉൾപ്പെടെ ലഹൈനയിൽ കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കി.
റിസോർട്ടുകൾ ധാരാളമുള്ള വിനോദസഞ്ചാരകേന്ദ്രമായ ലഹൈന നഗരം പൂർണമായും തീപിടിത്തത്തിൽ നശിച്ചുവെന്നാണ് സർക്കാർ പ്രസ്താവനയിൽ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ കത്തിനശിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. തീപിടിത്തമുണ്ടായ മൂന്ന് മേഖലകളിലെ 13 ഇടങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിമാർപ്പിച്ചു.

കഴിഞ്ഞ ​ദിവസം ഉച്ചതിരിഞ്ഞ്, യുഎസ് സിവിൽ എയർ പട്രോളും മൗയി അഗ്നിശമന വകുപ്പും ചേർന്ന് നടത്തിയ അന്വേഷണത്തിൽ 271 കെട്ടിടങ്ങൾക്ക് തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തി. എന്നാൽ നാശനഷ്ടത്തിന്റെ പൂർണ വ്യാപ്തി വിലയിരുത്താൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് മൗയി കൗണ്ടി വക്താവ് മഹിന മാർട്ടിൻ പറഞ്ഞു.

തീപിടിത്തത്തിൽ ആളുകൾ മരിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ പരിസ്ഥിതി ഭൂമിശാസ്ത്ര പ്രൊഫസറായ തോമസ് സ്മിത്ത് പറയുന്നതനുസരിച്ച്, ഹവായിയിൽ എല്ലാ വർഷവും കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷത്തെ തീ സാധാരണയേക്കാൾ വേഗത്തിലും വലുതുമാണ്.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment