ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ശബ്ദം എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സൂര്യനില്‍ നിന്നും വിദൂരപ്രപഞ്ചത്തില്‍ നിന്നുമുള്ള ഹാനികരമായ കിരണങ്ങളെ ഭൂമിയിലെത്താതെ സഹായിക്കുന്ന കാന്തിക മണ്ഡലത്തിന്റെ ശബ്ദം വേര്‍തിരിച്ചിരിക്കുകയാണ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍കിലെ ശാസ്ത്രജ്ഞര്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. മനോഹരമായ പാട്ടാണ് ഇതെന്ന് കരുതരുത്. ഉരയലും മുരള്‍ച്ചയും മണികിലുക്കവും മൂളലുകളുമൊക്കെ ചേര്‍ന്ന് ഒരു ഹൊറര്‍ ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം പോലെയാണ് പലപ്പോഴും ഈ ശബ്ദം അനുഭവപ്പെടുന്നത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭൂമിയുടെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച സാറ്റലൈറ്റുകളാണ് ഗവേഷകര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സ്വാം സാറ്റലൈറ്റുകളും മറ്റും സഹായകരമായി. 2011 നവംബര്‍ മൂന്നിനുണ്ടായ സൂര്യന്റെ ജ്വലന സമയത്തെ കാന്തികമണ്ഡലത്തിലെ ചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഫലത്തില്‍ ഇത് പേടിപ്പിക്കുന്ന ശബ്ദമാണെന്നും ഗവേഷകരുമായി സഹകരിച്ച സംഗീതജ്ഞന്‍ ക്ലോസ് നീല്‍സണ്‍ പറയുന്നു.
ഭൂമിക്കുള്ളിലെ തിളക്കുന്ന ഇരുമ്പുഭാഗമാണ് നമ്മുടെ സംരക്ഷണ വലയമായ കാന്തികമണ്ഡലത്തെ സൃഷ്ടിക്കുന്നത്. ഭൂമിയുടെ അകക്കാമ്പില്‍ നിന്നും പുറത്തേക്ക് വരുന്ന താപം ഭൂമിക്ക് ചുറ്റും ഒരു വലയമെന്ന പോലെ ചലിക്കുന്നു. ഭൂമിയുടെ ഭ്രമണം കാന്തികമണ്ഡലത്തെ ശക്തമായ വൈദ്യുതി പ്രവാഹം സൃഷ്ടിക്കാന്‍ സാധിക്കുന്നവയാക്കി മാറ്റുന്നു.
സൗരകാറ്റുകളിലെ ചാര്‍ജുള്ള കണങ്ങളില്‍ നിന്നും കോസ്മിക് റേഡിയേഷനില്‍ നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഈ കാന്തിക മണ്ഡലമാണ്. കാന്തിക മണ്ഡലം ഭൂമിയിലേക്കെത്തുന്ന ചാര്‍ജുള്ള കണങ്ങളെ അന്തരീക്ഷത്തില്‍ വച്ചുതന്നെ മറ്റ് കണങ്ങളുമായി കൂട്ടിയിടിപ്പിക്കുന്നു. ധ്രുവപ്രദേശങ്ങളോട് ചേര്‍ന്ന് വിവിധ നിറങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെുടന്ന ധ്രുവ ദീപ്തിക്ക് കാരണമാകുന്നതും ഈ കാന്തികമണ്ഡലത്തിന്റെ സവിശേഷതകള്‍ തന്നെ.
2013ലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്വാം സാറ്റലൈറ്റുകളെ വിക്ഷേപിക്കുന്നത്. റഷ്യയില്‍ നിന്നും വിക്ഷേപിച്ച ഈ സാറ്റലൈറ്റുകളുടെ പ്രധാന ലക്ഷ്യം നമ്മുടെ കാന്തികമണ്ഡലം എങ്ങനെ ഉണ്ടായി എന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയുകയാണ്. ബഹിരാകാശ കാലാവസ്ഥയ്ക്ക് നമ്മുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുന്നുവെന്ന കാര്യവും ഈ സാറ്റലൈറ്റുകള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്.