ഹരിത കേരളം മിഷന്റെ ജല ബജറ്റ് ദേശീയ തലത്തിലേയ്ക്ക്

ഹരിത കേരളം മിഷന്റെ ജല ബജറ്റ് ദേശീയ തലത്തിലേയ്ക്ക്

സി.ഡബ്ല്യൂ.ആർ.ഡി.എം-ന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷൻ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജല ബജറ്റ് കാമ്പയിൻ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു.
ജല ബജറ്റിനെകുറിച്ച് പഠിക്കാൻ കോഴിക്കോട് ജല വിഭവ വികസന കേന്ദ്രം (CWRDM) എക്സിക്യൂട്ടീവ് ഡയറക്ടറും ടീം അംഗങ്ങളുമായി നീതി ആയോഗ് ഉന്നതോദ്യോഗസ്ഥരും ഉപദേശകരും ചർച്ച നടത്തി.

രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ ഇതേ ആശയം പ്രാവർത്തികമാക്കി ജല ബജറ്റുകൾ തയ്യാറാക്കാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിനു മുൻപ് കാർഷിക മേഖലയിലെ കാർബൺ തുലന-ക്രെഡിറ്റ് സംവിധാനം വികസിപ്പിക്കാനുള്ള നീതി ആയോഗ് ചർച്ചകളിലും സി ഡബ്ല്യൂ ആർ ഡി എം പങ്കെടുത്തിരുന്നു.


ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിക്കുള്ളിലെ ജല ലഭ്യതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിന്റെ അളവും തുലനം ചെയ്ത് തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. വിവിധ കാലയളവുകളിൽ മഴ, ഉപരിതല ജലം, ഭൂജലം, ഒഴുകി വരുന്നതും ഒഴുകി പോകുന്നതുമായ ജലം എന്നിവയൊക്കെ കണക്കിലെടുത്താണ് ജലലഭ്യത കണക്കാക്കുന്നത്. കുടിവെള്ളം, ജലസേചനം, വ്യവസായം, ടൂറിസം, ഫിഷറീസ് മറ്റു പാരിസ്ഥിതിക ആവശ്യങ്ങൾ എന്നിവയ്ക്ക് വിവിധ സമയങ്ങളിൽ വേണ്ടി വരുന്ന ജലാവശ്യകതയും കണക്കാക്കും.

ഒരു മാസത്തെ പത്ത് ദിവസം വരുന്ന മൂന്ന് ഭാഗങ്ങളായി കണക്കാക്കി വർഷത്തിലാകെ 36 ഘട്ടങ്ങളായി തിരിച്ചാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. കൃത്യമായും ശാസ്ത്രീയമായും ജല ലഭ്യത മനസ്സിലാക്കി കൃഷിക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും സീസൺ അടിസ്ഥാനത്തിൽ ജല വിതരണം ക്രമീകരിക്കാനും, ഇടപെടൽ പ്രവർത്തങ്ങൾ നടത്താനും ഇതുവഴി സാധിക്കും. ഇതോടൊപ്പം സൂക്ഷ്മതലത്തിലുള്ള കാർബൺ മാപ്പിങ്ങ് പ്രവർത്തനങ്ങൾ കൂടി ഏകോപിപ്പിക്കപ്പെടുന്നുണ്ട്. ദ്രവ്യമാലിന്യമുൾപ്പെടെയുള്ള മലിന ജല ശുദ്ധീകരണ പുനരുപയോഗ സാധ്യതയും പരിശോധിക്കുന്നു.


പദ്ധതി പൂർണമായും നടപ്പായാൽ രാജ്യത്തെ എല്ലാ ജില്ലകളിലും സംസ്ഥാനാടിസ്ഥാനത്തിലും രാജ്യമൊട്ടാകെയായും ജല ബജറ്റുകൾ തയ്യാറാക്കപ്പെടും. രാജ്യത്ത് ലഭ്യമായ ജലം കൂടുതൽ ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജല ബജറ്റുകൾ സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങളും നെറ്റ് സീറോ കാർബൺ തുലന വ്യവസ്ഥയും ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ നേടാൻ ഇത്തരം ശാസ്ത്രീയ പ്രവർത്തനങ്ങൾ സഹായകമാവുമെന്ന് നീതി ആയോഗ് ഉപദേശകർ അറിയിച്ചു.


ഡോ . യുഗൽ ജോഷി ( ഡയറക്ടർ, ജലം – ഭൗമ വിഭവങ്ങൾ, കുടിവെള്ളം – ശുചിത്വം, നീതി ആയോഗ്), ശ്രീ. എ. മുരളിധരൻ (ഉപദേശകൻ, ജലം – ഭൗമ വിഭവങ്ങൾ പരിസ്ഥിതി – കാലാവസ്ഥ വിഭാഗം, നീതി ആയോഗ്), ഡോ. മനോജ് പി സാമൂവൽ, എക്സിക്യൂട്ടീവ് ഡയറക്ടർ, CWRDM , ശ്രീ. സുശാന്ത് സി എം, മുൻ വകുപ്പ് മേധാവി, CWRDM, ശ്രീ. വിവേക് ബി, പരിശീലന-വിജ്ഞാന വ്യാപന വിഭാഗം മേധാവി, CWRDM എന്നിവരും മറ്റ് നീതി ആയോഗ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment