ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പ് നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ ; പരീക്ഷണ പദ്ധതി തുടങ്ങി

ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പ് നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ ; പരീക്ഷണ പദ്ധതി തുടങ്ങി

കനത്ത മഴയിൽ പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലയിലെ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ചാണ് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങിയിട്ടുള്ളത് . പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും, കുറ്റ്യാടിപ്പുഴയിലും, ചാലിയാറിലുമാണ് സെൻസറുകൾ സ്ഥാപിച്ച് പരീക്ഷണ പദ്ധതി നടപ്പിലാക്കുക. 

എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും. ദേശീയതലത്തിൽ പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത് പദ്ധതി. ഇത് യാഥാർഥ്യമായാൽ പ്രളയം മൂലം വീടുകളും സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിലാകുന്ന പുഴയോര മേഖലകളിൽ അപകട മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടത്തിന് വേഗം ഒഴിപ്പിക്കൽ നടപടികൾ അടക്കം ഏകോപിപ്പിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പുഴയോരങ്ങളിൽ സ്ഥാപിക്കുന്ന സെൻസർ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തി നിശ്ചിത അളവിൽ കൂടുതൽ ഉയർന്നാൽ എൻഐടിയിലെ സെർവറിലേക്ക് അപകട മുന്നറിയിപ്പ് നൽകും. ഇത് ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറുകയാണ് ചെയ്യുക. സൗരോർജ പാനൽ, മൈക്രോ ചിപ്പ്, സിം കാർഡ് തുടങ്ങിയവ വഴി പുഴയിൽ സ്ഥാപിച്ച സെൻസറിന് വൈദ്യുതി ലഭ്യമാക്കും . 

പൂനൂർപ്പുഴ തുടങ്ങുന്ന തലയാട്, പൂനൂർ ഭാഗത്തുള്ള സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ വാട്സാപ് കൂട്ടായ്മ വഴി കഴിഞ്ഞ ഏതാനും വർഷങ്ങളായി മുന്നറിയിപ്പുകളും വിവരങ്ങളും നൽകുന്നത് പ്രളയ ദുരിതം ലഘൂകരിക്കുന്നതിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

എന്നാൽ, പ്രളയബാധിത മേഖലകളിലെ ഭൂരിപക്ഷം ആളുകളും ഉദ്യോഗസ്ഥരും കൂട്ടായ്മയിൽ അംഗമല്ലാത്തതിനാൽ പലപ്പോഴും വളരെ വൈകി മാത്രമേ ഏകോപനം നടത്താൻ കഴിയുന്നുള്ളൂ എന്നത് ഒരു പോരായ്മയാണ് . ഇലക്ട്രോണിക് സെൻസർ വഴി പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന മുന്നറിയിപ്പ് സംവിധാനം വിജയകരമായാൽ ഇവ പരിഹരിക്കാനാകും എന്നാണ് കരുതുന്നത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment