ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെട്ടേക്കും. തുലാവർഷം എത്തിയ ശേഷം ഈ മേഖലയിൽ രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമർദമാണിത്. ഈമാസം 11 മുതൽ 14 വരെ തെക്കേ ഇന്ത്യയിൽ മഴ ശക്തിപ്പെടുത്താൻ ഈ ന്യൂനമർദം കാരണമാകും. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദം രൂപപ്പെടുക. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ ഇതു നീങ്ങും. തമിഴ്‌നാട് പുതുച്ചേരി തീരം ലക്ഷ്യമാക്കിയാണ് ന്യൂനമർദം നീങ്ങുക. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ മധ്യ, തെക്കൻ തീരത്തും കനത്ത മഴക്ക് ഈ ന്യൂനമർദം കാരണമാകുമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. കേരളത്തിലും ഈ ന്യൂനമർദത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴ ലഭിക്കും.
കഴിഞ്ഞ ഏതാനും ദിവസം മുൻപ് മെറ്റ്ബീറ്റ് വെതർ ഈ സിസ്റ്റത്തെ കുറിച്ച് സൂചന നൽകിയിരുന്നു. ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും ഇടയിലുള്ള മേഖലയിലാണ് ഈ സിസ്റ്റം ഉടലെടുക്കുക. സിസ്റ്റം ചുഴലിക്കാറ്റായി മാറാൻ നിലവിൽ സാധ്യതയില്ല.