വയനാടൻ കാടുകളിൽ മഞ്ഞക്കൊന്ന നിവാരണം; ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി

സ്വാഭാവിക വനത്തിന് ഭീഷണിയായി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ മഞ്ഞക്കൊന്ന വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കിയിട്ടുണ്ടെന്നും ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ 1086 ഹെക്ടര്‍ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാന്‍ നടപടി ആരംഭിച്ചതായും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2.27 കോടി രൂപയാണ് ഇതിനായുള്ള ടെന്‍ഡര്‍ തുക നിശ്ചയിച്ചിട്ടുള്ളത്. ടെന്‍ഡറുകള്‍ ഈ മാസം തന്നെ അന്തിമമാക്കി ഉടന്‍ തന്നെ ജോലി ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നെഞ്ച് ഉയരത്തില്‍ 10 സെന്റി മീറ്ററിന് മുകളില്‍ [DBH (Diametrical Breast Height)] വണ്ണം ഉള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററില്‍ താഴെ വണ്ണം ഉള്ള തൈകള്‍ വേരോടെ പിഴുതു മാറ്റുകയാണ് ചെയ്യുക. ഡിബാര്‍ക്കിംഗ് നടത്തുന്നതിനുള്ള 3 വര്‍ക്കുകള്‍ക്കാണ് ഇപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിട്ടുള്ളത്. അതായത് 330 ഹെക്ടര്‍ സ്ഥലത്തിന് 69 ലക്ഷം രൂപ, 260 ഹെക്ടറിന് 25 ലക്ഷം രൂപ, 196 ഹെക്ടറിന് 19 ലക്ഷം രൂപ എന്നിങ്ങനെ ആകെ 756 ഹെക്ടറിന് 1.13 കോടി രൂപയുടെ പദ്ധതിയാണ് ഉള്‍പ്പെടുന്നത്. ഈ ടെന്‍ഡറുകളുടെ അവസാന തീയതി 20.01.2023 ആണ്. 23.01.2023-ന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യും. 300 ഹെക്ടറിനുള്ള മറ്റൊരു വര്‍ക്ക് 17.01.2023 ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. 28.01.2023-ന് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യും. ഈ വര്‍ക്കിന്റെ തുക 1.14 കോടി രൂപയാണ്. ഇവിടെ മഞ്ഞക്കൊന്നയുടെ ബാഹുല്യം/സാന്ദ്രത കൂടുതലായതുകൊണ്ടാണ് തുകയില്‍ വര്‍ദ്ധനവ് വന്നിട്ടുള്ളത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 50 ഹെക്ടറോളം സ്ഥലത്ത് മാത്രമാണ് ഇത് കണ്ടിട്ടുള്ളത്.
ഡിബാര്‍ക്കിംഗ് പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ 10 സെന്റി മീറ്ററില്‍ താഴെ വണ്ണമുള്ള തൈകള്‍ മഴക്കാലത്തോടെ മാത്രമെ പിഴുത് മാറ്റാന്‍ കഴിയുകയുള്ളൂ. വേരുകള്‍ പൊട്ടിപ്പോകാതിരിക്കാനാണ് ഈ പ്രവര്‍ത്തി മഴക്കാലത്ത് നടത്തുന്നത്. വേരുകള്‍ പൊട്ടിപ്പോകുന്ന പക്ഷം അതില്‍ നിന്നും വീണ്ടും തൈകള്‍ കിളിര്‍ത്ത് വരും. ഇതൊഴിവാക്കിക്കൊണ്ടാണ് പ്രവര്‍ത്തി നടത്തുക. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ മേല്‍നോട്ടവും ഈ പ്രവര്‍ത്തികള്‍ക്ക് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Comment