വിഴിഞ്ഞത്ത് തീരശോഷണത്തിനും കടലാക്രമണത്തിനും തുറമുഖ നിർമാണം കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്

വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് പഠന റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ട്‌കോനളജി (എൻഐഒടി) പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നത് മുട്ടംകോവളം സെഡിമെന്റൽ സെൽ മേഖലയിലാണ്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതികാഘാതമുണ്ടായാൽ ഇതിനു പുറത്തുള്ള മേഖലയിലേക്കു വ്യാപിക്കില്ലെന്നു പഠനം പറയുന്നു.
മുൻപില്ലാത്ത വിധം തെക്കൻതീരത്ത് വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനമുണ്ടാകുന്നതാണ് തീരശോഷണത്തിനു പ്രധാന കാരണമായി പഠനം കണ്ടെത്തിയിരിക്കുന്നത്.

കൂടാതെ ഓഖിക്കു ശേഷം തീരപുനർനിർമാണം ഈ ഭാഗങ്ങളിൽ നടക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്. വലിയതുറ, ശംഖുംമുഖം തീരങ്ങൾ വിഴിഞ്ഞം തുറമുഖനിർമാണ കേന്ദ്രത്തിൽനിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ തുറമുഖനിർമാണ മേഖലയിലുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങൾ വലിയതുറ, ശംഖുംമുഖം പ്രദേശങ്ങളിൽ ബാധിക്കില്ല.

തുറമുഖം വരുന്നതിനു മുന്നെയും വലിയതുറ, ശംഖുംമുഖം, പൂന്തുറ മേഖലകളിൽ തീരശോഷണമുണ്ടായതായി പഠനങ്ങളിൽനിന്നു വ്യക്തമാണ്. ഓഖിക്കു ശേഷം നല്ല കാലാവസ്ഥയുള്ളപ്പോഴും തീരപുനർനിർമാണം സാധ്യമല്ലെന്നാണ് കണ്ടെത്തൽ.

വിവിധ ഏജൻസികൾ പല കാലങ്ങളിൽ നടത്തിയ പഠനങ്ങളും മറ്റും വിശദമായി വിലയിരുത്തിയ ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ കരട് വിദഗ്ധ സമിതിക്കും ബന്ധപ്പെട്ട ഏജൻസികൾക്കും കൈമാറി. അന്തിമ ധവളപത്രം ഒരാഴ്ചക്കകം നൽകും.

Leave a Comment