വർൾച്ചക്ക് പിന്നാലെ പ്രളയ മുന്നറിയിപ്പ്

കടുത്ത വരൾച്ചക്കും ചൂടിനും ശേഷം ബ്രിട്ടനു സമീപം കടലിൽ ന്യൂനമർദ്ദം ഉടലെടുത്തതിനെത്തുടർന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിൽ പ്രളയമുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിനു വടക്കായുള്ള പ്രദേശങ്ങളിലാണ് പ്രളയമുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബ്രിട്ടന്റെ പടിഞ്ഞാറൻ മേഖലയിൽ മഴയും കാറ്റും ഉണ്ടാകും. വടക്കൻ ഭാഗങ്ങളിൽ ആദ്യം മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
മഴക്കെടുതികളെ നേരിടാനുള്ള സംവിധാനങ്ങളൊരുക്കാൻ ബ്രിട്ടിഷ് കാലാവസ്ഥാ ഏജൻസിയായ മെറ്റ് ഓഫിസ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന നടപ്പാതകളും ജല സ്രോതസ്സുകൾക്കു സമീപമുള്ള പാലങ്ങളും ഒഴിവാക്കാനും പ്രളയം സംഭവിച്ചാ‍ൽ പ്രളയ ജലത്തിലൂടെയുള്ള ഡ്രൈവിങ്ങിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ബ്രിട്ടന്റെ മധ്യ, കിഴക്കൻ മേഖലകളിൽ പറയത്തക്ക പ്രശ്നങ്ങളുണ്ടാകില്ലെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്. കാറ്റും മഴയുമുണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് മരക്കൊമ്പുകളും മറ്റും അധികൃതർ മുറിച്ചുമാറ്റി.

ബ്രിട്ടന്റെ ഭാഗമായുള്ള സ്കോട്ലൻഡിൽ 15, 16 തീയതികളിൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇതിനിടെ മഴയ്ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ബ്രിട്ടനിൽ സംഭവിക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഒക്ടോബർ 15 മുതലായിരിക്കും ഇതു സംഭവിക്കുകയെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. അടുത്തയാഴ്ച ബ്രിട്ടനിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴേക്കു പോകാനും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

Leave a Comment