മൺസൂൺ ശക്തിപ്പെട്ടതിനു പിന്നാലെ പാകിസ്താനിൽ പ്രളയത്തിൽ 937 പേർ മരിച്ചു. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ച പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ പാകിസ്താനിലാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി മഴ ശക്തിപ്പെട്ടത്. 343 കുട്ടികൾ ഉൾപ്പെടെ 937 പേർ മരിച്ചെന്നാണ് ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 306 പരാണ് ജൂൺ 14 മുതൽ ഇന്നലെ വരെ ഇവിടെ പ്രളയത്തിൽ മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ബലൂചിസ്ഥാനിൽ 234 പേരും ഖൈബർ പക്തുൻഖ്വയിലും പഞ്ചാബിലും യഥാക്രമം 185 ഉം 165 ഉം പേർ മരിക്കുകയും ചെയ്തു. പാക്ക് അധീന കാശ്മിരിലും 37 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ പാകിസ്താനിൽ പ്രളയം പ്രധാനമായും ബാധിച്ചത്. 23 ജില്ലകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചതായി കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറി റഹ്്മാൻ പറഞ്ഞു. പക്തുൻഖ്വയിൽ ഓഗസ്റ്റ് 30 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. ഇവിടെ അടിയന്തരാവസ്ഥ തുടരും. സ്‌കൂളുകളും പാലങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇനിയൊരു അറിയപ്പുവരെ അവധി പ്രഖ്യാപിച്ചു. യൂറോപ്യൻ യൂനിയൻ 1.8 ദശലക്ഷം യൂറോയുടെ സഹായം പാകിസ്താന് അനുവദിച്ചു.