കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഈ മാസം 29ന് സംസ്ഥാന വ്യാപകമായി മോക്ക്ഡ്രിൽ നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് ഡ്രില്ലുകൾ.
ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി ടേബിൾ ടോപ്പ് എക്സർസൈസ് യോഗങ്ങൾ നടക്കും. കേരളത്തിലെ 14 ജില്ലകളും, 78 താലൂക്കുകളും, എല്ലാ ജില്ലയിലും 5 തദേശ സ്ഥാപനങ്ങളും, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലിൽ പങ്കെടുക്കും.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ പ്രളയ സാധ്യത മോക്ക് ഡ്രില്ലും പാലക്കാട്, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മോക്ക്ഡ്രില്ലുമാണ് നടത്തുന്നത്.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തപ്പെടും.
നാളെ നടക്കുന്ന ടേബിൾ ടോപ്പ് എക്സർസൈസ് യോഗത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആലപ്പുഴ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവർ അവരവരുടെ ദുരന്ത ലഘൂകരണ പദ്ധതികൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നിൽ അവതരിപ്പിക്കും.
സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടികൾ നിയന്ത്രിക്കും.
10 കേന്ദ്ര സേനകളുടെയും (കരസേന, വായുസേന, നാവിക സേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, ദേശീയ ദുരന്ത പ്രതികരണ സേന, തീര സംരക്ഷണ സേന, ബി.എസ്.എഫ്, സി.ആർ. പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി) പ്രതിനിധികൾ ടേബിൾ ടോപ്പ് എക്സർസൈസ് യോഗത്തിൽ പങ്കെടുക്കും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകൻ മേജർ ജനറൽ സുധീർ ബാൽ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ നിരീക്ഷിക്കും.
ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.
സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, കമ്മീഷണർ ദുരന്ത നിവാരണ വകുപ്പ് ശ്രീമതി. അനുപമ ടി.വി, മെംബർ സെക്രട്ടറി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡോ. ശേഖർ എൽ. കുര്യാക്കോസ്, വിവിധ വകുപ്പ് മേധാവിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്മാർ, തഹസിൽദാർമാർ, തദേശ സ്ഥാപന പ്രതിനിധികൾ, പോലീസ്, അഗ്നി രക്ഷാ സേന, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ, സാമൂഹിക സന്നദ്ധ സേനാ പ്രവർത്തകർ, ആപദ മിത്ര സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ഇന്റർ ഏജെൻസി ഗ്രൂപ്പ് എൻ.ജി.ഒകൾ എന്നിവർ പങ്കെടുക്കും.
റവന്യൂ മന്ത്രിയു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനുമായ കെ. രാജൻ മോക്ക്ഡ്രിൽ നടപടികൾ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
കഴിഞ്ഞ 16 ന് വിപുലമായ മോക്ക്ഡ്രിൽ എല്ലാ ജില്ലകളിലും ഒരേ സമയം നടത്തിയിരുന്നു.