ഈ വർഷത്തെ ആദ്യ വേനൽ മഴ രാജസ്ഥാനിൽ, കേരളത്തിൽ ഇനിയും കാത്തിരിക്കണം

ഈ വർഷത്തെ വേനൽ സീസണണിലെ ആദ്യ വേനൽ മഴ ആദ്യം രാജസ്ഥാനിലും ഗുജറാത്തിലും. കേരളത്തിൽ കഴിഞ്ഞ ദിവസം ചാറ്റൽ മഴ കിഴക്കൻ മലയോരങ്ങളിലും വനത്തിലും പെയ്തിരുന്നെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ മഴ ലഭിച്ചിരുന്നില്ല. പ്രീ മൺസൂൺ എന്നറിയപ്പെടുന്ന വേനൽ മഴയുടെ സ്വഭാവത്തിലുള്ള മഴ ഔദ്യോഗിക വേനൽ സീസൺ തുടങ്ങി രണ്ടു ദിവസമാകുമ്പോഴും കേരളത്തിൽ ലഭിച്ചിട്ടില്ല. അടുത്തയാഴ്ചയും മഴക്കുള്ള സൂചനകളില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നീരീക്ഷകർ പറയുന്നത്.

ഇതിനിടെ, രാജ്യത്തെ ആദ്യ വേനൽ മഴ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും ലഭിക്കുമെന്നാണ് സൂചന. ഇതിനുള്ള അന്തരീക്ഷ മാറ്റങ്ങളാണ് അവിടെ നടക്കുന്നത്. മാർച്ച് 4 മുതൽ ഇടിയോടുകൂടെയുള്ള വേനൽ മഴ ഈ സംസ്ഥാനങ്ങളിൽ ലഭിച്ചു തുടങ്ങും. മാർച്ച് അഞ്ചിനും ആറിനും മഴ ശക്തിപ്പെടും. രാജസ്ഥാനിലെ തെക്കൻ ജില്ലകളിലും തെക്കുകിഴക്കൻ ജില്ലകളിലും മഴ ശക്തിപ്പെടും. ഇടിമിന്നലും ഈ പ്രദേശങ്ങളിൽ ശക്തമാകും. തെക്കൻ രാജസ്ഥാനിൽ ചൂട് 36 മുതൽ 38 ഡിഗ്രിവരെ തുടരാനാണ് സാധ്യത. കേരളത്തിൽ ഫെബ്രുവരിയിൽ തന്നെ ചൂട് 41 ഡിഗ്രിയും പിന്നിട്ടിരുന്നു. ഉത്തരേന്ത്യയിൽ ചില പ്രദേശങ്ങളിൽ മാർച്ചിൽ ഉഷ്ണതരംഗം ഉണ്ടാകും.

കേരളത്തിൽ ഈ മാസം 6 ന് ശേഷം വീണ്ടും നേരിയ ചാറ്റൽ മഴ സാധ്യത കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ മേഖലയിലുണ്ട്. ശ്രീലങ്കയിലും മറ്റും പെയ്യുന്ന മഴയുടെ ഒരു ഭാഗം തെക്കൻ തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും തിരുവനന്തപുരത്തും കൊല്ലത്തും ലഭിച്ചേക്കും. കഴിഞ്ഞ തവണത്തെ പോലെ നേരിയ സാധ്യത മാത്രമേ ഉള്ളൂ. കൂടുതലും കിഴക്കൻ മലയോര വനമേഖലയിൽ പെയ്തു പോകാനാണ് സാധ്യതയെന്നും മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.

Leave a Comment