ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല, തീവ്രമഴ പോലുള്ള പ്രതിഭാസങ്ങള്‍ കൂടി മുൻകൂട്ടി പ്രവചിക്കാന്‍ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകര്‍. അസ്സോസിയേറ്റ് പ്രഫസര്‍ ഡോ. സുനില്‍ പി. എസിന്‍റെ മേല്‍നോട്ടത്തില്‍, ഗവേഷക റോസ് മേരിയോടൊപ്പം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് സംയുക്തമായാണ് പഠനം നടത്തിയത്. സ്പ്രിങ്ങര്‍ പബ്ലിഷേഴ്‌സിന്‍റെ, ജേര്‍ണല്‍ ഓഫ് ഏര്‍ത് സിസ്റ്റം സയന്‍സിൽ ഗവേഷണ ഫലം പ്രസദ്ധീകരിച്ചു.
അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്‍റെ ദ്രുതഗതിയിലുള്ള വര്‍ധനവ് തീവ്രമഴ പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാന ഘടകമാണ്. മഴക്കാലങ്ങളില്‍ ജി.പി.എസ്. ഉപഗ്രഹത്തില്‍ നിന്നും പുറപ്പെടുന്ന സിഗ്‌നല്‍, അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയുടെ ഉപരിതലത്തിലുള്ള ജി.പി.എസ്.റിസീവറില്‍ എത്തിച്ചേരുന്നതിന് മുന്‍പായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിലെ അളവ് കൂടുന്നതനുസരിച് കാലതാമസം ഉണ്ടാകന്നത് പതിവാണ്. ജി.പി.എസ് സംവിധാനത്തില്‍ നിന്നുള്ള തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയുള്ള ഡാറ്റ, തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ഏതാണ്ട് 5.45 മണിക്കൂര്‍ മുതല്‍ 6.45 മണിക്കൂര്‍ മുന്‍പായി വരെ മുന്‍ക്കൂട്ടി പറയാന്‍ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇതിനായി 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിന് കാരണമായ അതിതീവ്ര മഴയുള്‍പ്പെടെ ഏതാണ്ട് 8 തീവ്ര മഴക്കാലങ്ങള്‍ ആണ് പഠനവിധേയമാക്കിയിരിക്കുന്നത്. ഇതിലേക്കായി തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ലഭ്യമായ തുടര്‍ച്ചയായുള്ള ജി.പി.എസ്. ഡാറ്റയും, കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ലഭ്യമായ മഴക്കണക്കും ഉപയോഗിച്ചു.
വിദേശങ്ങളിൽ, ജി.പി.എസ്. മെറ്റീരോളോജി എന്ന ഈ നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത്തരത്തില്‍ തീവ്രമഴ മുന്‍കൂട്ടിയറിയാനുതകുന്ന തരത്തിലുള്ള ഇത്തരം ഗവേഷണം ആദ്യമായാണെന്നു ഡോ. സുനില്‍ പറയുന്നു. ഭാവിയില്‍, കാലാവസ്ഥ വകുപ്പിൽ നിന്നുള്ള, കാലാവസ്ഥ പ്രവചനങ്ങളില്‍, ഇത്തരം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ GPS Meteorology എന്ന നൂതന സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം സ്ഥിതീകരിക്കുന്നു.