ഇന്തോനേഷ്യയിൽ സുമാത്രയ്ക്ക് സമീപം 6.2 തീവ്രതയുള്ള ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആച്ചെ പ്രവിശ്യയിലെ തെക്കു തെക്കുകിഴക്ക് സിൻഗകിലിലെ ഭൂമിക്കടിയിൽ 48 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.30 നായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 120 കി.മി അകലെ വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്ന് ഇന്തോനേഷ്യൻ മീറ്റിയോറോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി (ബി.എം.കെ.ജി) അറിയിച്ചു.
പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇതിനാൽ ഇവിടെ ഭൂചലനങ്ങൾ പതിവാണ്. കഴിഞ്ഞ നവംബർ 21 ന് പടിഞ്ഞാറൻ ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 602 പേർ കൊല്ലപ്പെട്ടിരുന്നു.