Menu

കടൽ ചൂടാകുന്നത് എന്തുകൊണ്ട്, ചൂടായാൽ എന്തു സംഭവിക്കും?

ഡോ. ഗോപകുമാർ ചോലയിൽ

മനുഷ്യപ്രേരിതവും അല്ലാത്തതുമായ കാരണങ്ങളാൽ അന്തരീക്ഷത്തിന് ചൂടേറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ജീവിത ശൈലി മൂലം അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾക്കാണ് ചൂടേറ്റുന്നതിൽ സുപ്രധാന പങ്ക്. താപന തീക്ഷ്ണത പക്ഷേ, അതേ തീവ്രതയിൽ നമുക്ക് അനുഭവപ്പെടുന്നില്ല. അതിനുകാരണം സമുദ്രങ്ങളാണ്. സമുദ്രങ്ങൾ താപം ആഗിരണം ചെയ്യുന്നു. അതോടൊപ്പം താപനകാരിയായ അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡ് വാതകത്തിന്റെയും ഏറിയ പങ്കും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു. അന്റാർടിക് സമുദ്രം അഥവാ ദക്ഷിണ സമുദ്രമാണ് കാർബൺഡയോക്‌സൈഡ് വാതകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗിരണം ചെയ്യുന്നത്. മാത്രമല്ല, ആഗോളസമുദ്രമേഖലയാൽ ആഗിരണം ചെയ്യപ്പെടുന്ന അധികതാപത്തിന്റെ 75 ശതമാനവും ദക്ഷിണസമുദ്രമേഖലയിലാണ് ആഗിരണം ചെയ്യപ്പെടുന്നത്. എന്നാൽ, അന്തരീക്ഷത്തിലെ ഓസോൺ വാതകത്തിന് ദക്ഷിണ സമുദ്രമേഖലയെ ചൂടേറ്റുന്നതിൽ ഗണ്യമായ പങ്കുണ്ടെന്ന് സമീപകാലത്തായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു (നേച്ചർ ക്ലൈമറ്റ് ചേഞ്ച്, 2022; 12 (4 ):365 ).

മൂന്ന് ഓക്‌സിജൻ ആറ്റങ്ങൾ അടങ്ങിയ വാതക കണികയാണ് ഓസോൺ. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ മണ്ഡലത്തിലാണ് ഓസോൺ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള മാരകമായ നീലലോഹിത വികിരണങ്ങൾ (Utlraviolet radiations) ഭൂമിയിലേക്ക് കടക്കുവാൻ അനുവദിക്കാതെ തടഞ്ഞു നിർത്തുന്നത് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണാണ്. എന്നാൽ, ട്രോപോസ്ഫിയറിലുള്ള ഓസോൺ സാന്നിധ്യം മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും വളരെയേറെ ദോഷകാരിയുമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ കാണപ്പെടുന്ന ഓസോൺ, താപവികിരണങ്ങൾ ഭൂമിയിൽ നിന്ന് തിരിച്ച് പ്രതിഫലിക്കുന്നത് തടയുകയും അത് വഴി ഭൂമി തണുക്കുന്ന പ്രക്രിയ ദുർബലമാക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ ദക്ഷിണ സമുദ്രം ചൂട് പിടിക്കുവാൻ ഉണ്ടായ അതിപ്രധാന ഹേതു അന്തരീക്ഷത്തിന്റെ വിവിധ പാളികളിൽ ഓസോൺ വാതകത്തിന്റെ നില അധികരിച്ചതിനാലാണ്. ദക്ഷിണ സമുദ്രമേഖലയിൽ ചൂടേറുന്നതോടെ ഭൗമാന്തരീക്ഷത്തിലെ അധിക താപം സംഭരിക്കുവാനുള്ള അതിന്റെ ശേഷി കുറയുന്നു. ഭൂസ്പർശമണ്ഡലത്തിൽ (ട്രോപോസ്ഫിയർ) ഓസോൺ സാന്നിധ്യം ഏറുന്നത് താപനാധിക്യത്തിന് വഴിതെളിയിക്കുന്നു.
അന്തരീക്ഷമലിനീകരണത്തോത് ഏറിവരുന്ന സാഹചര്യത്തിലാകട്ടെ, പുകമഞ്ഞിന്റെ (smog) ഒരു പ്രധാന ഘടകമായ ഓസോൺ ഒരു മലിനീകാരി എന്നതിന് പുറമെ വരും കാലങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നതിൽ ഒരു നിർണ്ണായക ഘടകം കൂടിയായേക്കാം. ഭൂമിയോടടുത്ത അന്തരീക്ഷമണ്ഡലത്തിൽ ഓസോൺ സാന്നിധ്യം ഏറുന്നത് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയാണീക്കാര്യം. ധ്രുവപ്രദേശങ്ങൾ ഉൾപ്പെടുന്ന ഉയർന്ന അക്ഷാംശ മേഖലകളിലാകട്ടെ, അന്തരീക്ഷത്തിന്റെ മേൽപാളികളിൽ ഓസോൺ കുറഞ്ഞാലും, കീഴ്പാളികളിൽ പ്രസ്തുത വാതകത്തിന്റെ സാന്നിധ്യം കൂടിയാലും അത് സമുദ്രജല താപനത്തിന്റെ തീക്ഷ്ണതയേറ്റുന്നു. രണ്ടു കിലോമീറ്റര് വരെ ആഴത്തിൽ സമുദ്രജലത്തിന് ചൂടേറുവാൻ ഇത് കാരണമാകുന്നു. ദക്ഷിണ സമുദ്രമേഖല ചൂട് പിടിപ്പിക്കുന്ന ഓസോൺ പ്രേരിത താപനത്തിന്റെ 60 ശതമാനവും ഉണ്ടാവുന്നത് അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ ഓസോൺ സാന്നിധ്യം അധികരിക്കുമ്പോഴാണ്.

എന്നാൽ, ദക്ഷിണാർദ്ധഗോളത്തിലെ ദക്ഷിണ സമുദ്രമേഖലയിൽ ചൂടേറ്റുന്ന കാലാവസ്ഥാ മാറ്റഹേതുവായ അന്തരീക്ഷ മലിനീകരണം കൂടുതലും ഉണ്ടാകുന്നത് ഉത്തരാർദ്ധ ഗോളത്തിലാണെന്നതാണ് കൗതുകകരമായ വൈരുദ്ധ്യം. വ്യവസായ മേഖലകൾ ധാരാളമുള്ള ഉത്തരാർദ്ധഗോളത്തിലാണ് പ്രധാനമായും മലിനീകരണം സംഭവിക്കുന്നതെങ്കിലും ഓസോൺ അടങ്ങിയ അന്തരീക്ഷ മാലിന്യങ്ങൾ ക്രമേണ ദക്ഷിണാർദ്ധ ഗോളത്തിലേയ്ക്കും അതിക്രമിയ്ക്കുന്നു എന്നതാണിതിന് കാരണം. വ്യവസായ മാലിന്യങ്ങളിൽ അടങ്ങിയിട്ടുള്ള ക്ലോറോഫ്‌ളൂറോകാർബണുകൾ (CFC) അന്തരീക്ഷത്തിന്റെ മേൽത്തട്ടിലുള്ള ഓസോൺ പാളിയെ ശോഷിപ്പിക്കുന്നു എന്ന കണ്ടെത്തലാണ് 1980 കളിൽ ഓസോൺ വാർത്തകളിൽ നിറയാനുള്ള കാരണം. മാരകമായ നീലലോഹിത (യു.വി) വികിരണങ്ങൾ ഭൂമിയിലെത്താതെ തടയുന്നത് ഈ ഓസോൺ പാളിയാണ്. ക്ലോറോ ഫ്‌ളൂറോകാർബണുകൾ രാസപ്രവർത്തനം വഴി ഓസോൺ പാളിയെ ദുർബലമാകുന്നു എന്ന തിരിച്ചറിവാണ് അവയുടെ ഉത്പാദനം നിർത്തിവയ്ക്കുവാൻ അനുശാസിക്കുന്ന മോണ്ട്രിയൽ അന്താരാഷ്ട്ര ഉടമ്പടിയിലേക്ക് നയിച്ചത്. അന്തരീക്ഷ മലിനീകരണം വഴി ഭൂസ്പര്ശ മണ്ഡലത്തിൽ ഓസോൺ സാന്നിധ്യം അധികരിക്കുന്നു. അതുവഴി അവിടെ ചൂടേറുകയും അധിക ചൂട് സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതിന് പുറമെ ദക്ഷിണധ്രുവ മേഖലയ്ക്ക് മുകളിലുള്ള മണ്ഡലത്തിൽ ഓസോൺ പാളീശോഷണം സംഭവിക്കുന്നതും ആ മേഖലയിൽ ചൂടേറ്റുന്നു. ഓക്‌സിജൻ തന്മാത്രകളും (O2) നീലലോഹിത വികിരണങ്ങളും തമ്മിലുള്ള പ്രവർത്തനഫലമായാണ് അന്തരീക്ഷത്തിന്റെ മേൽപാളികളിൽ ഓസോൺ രൂപം കൊള്ളുന്നത്. എന്നാൽ, അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിലാകട്ടെ വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള ഉത്സർജനങ്ങളിലെ മാലിന്യങ്ങൾ തമ്മിലുള്ള രാസപ്രവർത്തനം വഴിയാണ് ഓസോൺ വാതകം ഉണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോൺ സാന്ദ്രതയിൽ ഉണ്ടാകുന്ന വ്യതിയാനം ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ (Westerlies) ഗതിയും വേഗതയും നിയന്ത്രിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. കൂടാതെ, ദക്ഷിണസമുദ്രോപരിതല ജലത്തിലെ ലവണത്വം, താപനില എന്നിവ യിൽ വ്യതിയാനം ഉണ്ടാകുന്നപക്ഷം സമുദ്ര പര്യയനവ്യവസ്ഥകളിൽ വ്യതിയാനങ്ങൾ ഉണ്ടാകാനും അതുവഴി സമുദ്രങ്ങളുടെ തപാഗിരണ ശേഷിയിൽ മാറ്റമുണ്ടാവാനും കാരണമാകുന്നു.

അന്തരീക്ഷ മലിനീകരണം ആഗോള താപനം എന്നിവയ്ക്ക് കാരണമാകുന്ന പൊതുഘടകമാണ് വ്യവസായ മേഖലകളിൽ നിന്നുള്ള അന്തരീക്ഷമാലിന്യ ഉത്സർജനങ്ങൾ. ആഗോള ജീവിതക്രമത്തിന്റെ സമസ്ത മേഖലകളെയും അതീവ ഹാനികരമാം വിധം ഗ്രസിക്കുന്ന ഈ രണ്ട് പ്രക്രിയകളും നിയന്ത്രണ വിധേയമാക്കണമെങ്കിൽ അന്തരീക്ഷത്തിലേക്കുള്ള ഉത്സർജനത്തോത് അങ്ങേയറ്റം നിയന്ത്രിക്കുകയെന്നതുമാത്രമാണ് പോംവഴി. 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടി അനുശാസങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.

അന്തരീക്ഷത്തിലെ താപവർധന പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതോ അഥവാ സഹിഷ്ണുതാപരിധി കവിയാതിരിക്കുന്നതിനോ കാരണം താപം ഏറ്റുവാങ്ങാൻ ബൃഹത്തായ സമുദ്രമേഖലകൾ ഉള്ളതുകൊണ്ടുമാത്രമാണ്. എന്നാൽ, സമുദ്രങ്ങളും തിളച്ചുമറിയാൻ തുടങ്ങിയാൽ ഈയൊരു പോംവഴി കൂടിയാണ് ഇല്ലാതാവുക.
(മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനും കോളമിസ്റ്റും കാർഷിക സർവകലാശാലയിലെ സയിന്റിഫിക് ഓഫിസറുമാണ് ലേഖകൻ)

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed