“വിലപ്പെട്ടതാണ് പാഴാക്കരുത്” : ഇന്ന് ലോക ജലദിനം ; ഓരോ തുള്ളിക്കും വില നൽകേണ്ടി വരുമോ ?

ഇന്ന് മാർച്ച് 22 ലോക ജലദിനം. വെള്ളം പാഴാക്കാതെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു കൊണ്ടാണ് ഓരോ ജല ദിനവും കടന്നു പോകുന്നത്. 1992ൽ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനത്തിലാണ് ജലദിനം എന്ന ആശയം ആദ്യമായി ഉയർന്നു വരുന്നത്.

ജലത്തിന്റെ പ്രാധാന്യവും ഉപയോഗവും ആളുകളെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്നായിരുന്നു നിർദ്ദേശം. ഐക്യരാഷ്ട്രസഭ ഇത് അംഗീകരിക്കുകയും 1993 മാർച്ച് 22 ലോകജലദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഓരോ വർഷവും ഓരോ വിഷയത്തെ മുൻനിർത്തിയാണ് ജലദിനം ആഘോഷിക്കുന്നത്.

ഈ വർഷത്തെ വിഷയം ഭൂഗർഭജലം അദൃശ്യമായതിനെ ദൃശ്യമാക്കുന്നു എന്നതാണ്. കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് ഭൂഗർഭജലം ഇല്ലാതാകുന്നത്. ഭൂഗർഭജലം കാഴ്ചയിൽ നിന്ന് പുറത്തായിരിക്കാം, എന്നാൽ മനസ്സിൽ നിന്ന് പുറത്തു പോകരുതെന്ന് യുഎൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

വലിയതോതിൽ ഭൂഗർഭജലം ഊറ്റി എടുക്കുമ്പോൾ മേൽ മണ്ണിലെ ജലാംശം കുറയുന്നു. ഇത് സസ്യങ്ങളും മരങ്ങളും എല്ലാം ഉണങ്ങി പോകുന്നതിന് കാരണമാകുന്നു. മഴ നന്നായി ലഭിച്ചാൽ പോലും ഇതിനു മാറ്റം ഉണ്ടാവില്ലെന്ന് ശാസ്ത്രീയവശം കൂടെ നാം ഓർക്കേണ്ടിയിരിക്കുന്നു. കുന്നുകൾ നികത്തുക, ചതപ്പുകൾ നികത്തുക തുടങ്ങിയവയെല്ലാം ഭീഷണിയാണ്. നദി സംരക്ഷണം പ്രധാന ഘടകമാണ്. പുഴകൾ അവയുടെ ഉദ്ഭവസ്ഥാനം മുതൽ മലിനീകരിക്കപ്പെടുന്നു.

ശാസ്ത്രീയ മാലിന്യ സംസ്കരണം പ്രധാന പ്രശ്നമാണ്. പലയിടങ്ങളിലും മാലിന്യം ഒഴുകി കളയുന്നത് പുഴകളിലേക്കാണ്. പലയിടങ്ങളിലായി കൂട്ടിയിട്ട മാലിന്യങ്ങൾ ഒരു മഴ പെയ്യുമ്പോൾ ഒഴുകിയെത്തുന്നത് പുഴയിലേക്കാണ്. പുഴകളും അവയുടെ ആവാസ വ്യവസ്ഥകളും നശിപ്പിക്കുന്ന വികസനമാണ് നമുക്കുള്ളത്.

തീരത്തെ കണ്ടൽക്കാടുകളും മുളങ്കാടുകളും എല്ലാം വെട്ടി മാറ്റി പുഴ സംരക്ഷണം എന്ന പേരിൽ പ്രചരിപ്പിക്കുന്നു. മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലാണ് ശുദ്ധജല ലഭ്യതയ്ക്ക് കുറവുണ്ടാക്കുന്നതിന് പ്രധാന കാരണം . ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതാണ് പ്രധാന കാരണം. ലോകത്ത് മാലിന്യ ജലാശയങ്ങൾ കൂടുതലുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിൽ ആകെയുള്ള ജലസ്രോതസ്സുകളിൽ 40% വും നാമാവശേഷമായി കൊണ്ടിരിക്കുകയാണ്.

വെള്ളം പാഴാക്കാതെ ഉപയോഗിക്കുക എന്നത് നാം സ്കൂൾതലത്തിൽ തന്നെ പഠിക്കുന്ന കാര്യമാണ്. എന്നാൽ അതെല്ലാം എത്രത്തോളം കാര്യക്ഷമമായി നാം ഓരോരുത്തരും ഏറ്റെടുക്കുന്നുണ്ട്. ജീവന്റെ നിലനിൽപ്പ് തന്നെ വെള്ളത്തിൽ ആണെന്നും അത് ഇത്തരത്തിൽ നശിപ്പിക്കേണ്ട ഒന്നല്ല എന്നും നാം തിരിച്ചറിയുന്നത് എപ്പോഴാണ്.

അമൂല്യമായ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നത് എപ്പോഴാണ്. ഓരോ തുള്ളി വെള്ളത്തിനും വില കൊടുക്കേണ്ട കാലം വിദൂരമല്ല. ഇനിയെങ്കിലും നാം ഓരോരുത്തരും ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം. മഴക്കുഴി നിർമ്മാണത്തിലൂടെ ജലവൈവിധ്യശേഷി വർദ്ധിപ്പിക്കുന്നതിനും ജൈവവൈവിധ്യ നിലനിർത്തുന്നതിനും കാർഷികവിളകളുടെ സംരക്ഷണത്തിനും സാധിക്കുന്നു.

ജലാശയങ്ങളുടെ സംരക്ഷണം പുഴ, തോട്, നദി സംരക്ഷണം, കുളം കുഴിക്കൽ എന്നിവയെല്ലാം മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജലസംരക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വ്യവസായ മാലിന്യം, ഗാർഹിക മാലിന്യം എന്നിവ പുഴകളിൽ നിക്ഷേപിക്കുന്നത് തടഞ്ഞ് നമുക്ക് നമ്മുടെ നദിയെ സംരക്ഷിച്ച് ജലസംരക്ഷണം ഉറപ്പുവരുത്താം.

Share this post

Leave a Comment