kerala weather (13/10/24) : അറബി കടലിൽ തീവ്രന്യൂനമർദം രൂപപ്പെട്ടു
ലക്ഷദ്വീപ് തീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട് ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure – WML ) മാറിയ വെതർ സിസ്റ്റം (weather system) ഇന്ന് രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി. ( Depression ) മാറി. കേരളത്തിൽനിന്ന് ഈ സിസ്റ്റം അകന്നു പോയിട്ടുണ്ടെങ്കിലും അറബിക്കടലിലെ മേഘങ്ങളെ കുറച്ചെങ്കിലും കരയിൽ എത്തിക്കുന്നുണ്ട്. തൃശ്ശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരം ആയതോ മഴ സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഈ സിസ്റ്റം അടുത്ത ദിവസങ്ങളിൽ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും മഴക്ക് കാരണമാകും. ഈ സിസ്റ്റം ഇന്ത്യൻ തീരത്ത് നിന്ന് പൂർണ്ണമായി അകന്നു പോയതിനുശേഷമേ കാലവർഷക്കാറ്റ് വിടവാങ്ങുന്നതിന്റെ പുരോഗതി ഉണ്ടാവുകയുള്ളൂ.
നിലവിൽ കാലവർഷക്കാറ്റ് മഹാരാഷ്ട്രയുടെ ഭാഗങ്ങൾ വരെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ ഗുജറാത്തിന്റെ ഭാഗങ്ങൾ പൂർണ്ണമായും വിടവാങ്ങിയിട്ടുമില്ല. കിഴക്കൻ ഇന്ത്യയിൽ ഒഡീഷ വരെയും കാലവർഷക്കാറ്റ് വിടവാങ്ങിയിട്ടുണ്ട്.
ന്യൂനമർദ്ദം കരയിലേക്ക് എത്തിക്കുന്ന ഈർപ്പത്തിന്റെ സാന്നിധ്യം മൂലം ഉത്തരേന്ത്യയിൽ നിന്ന് തുടങ്ങിയ കാലവർഷത്തിന്റെ വിടവാങ്ങൽ മന്ദഗതിയിലായിരുന്നു. മെറ്റ്ബീറ്റ് വെതറിൻ്റെ നിരീക്ഷണ പ്രകാരം ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടെ കൂടെ മഴ സാധ്യത.
കേന്ദ്ര കാലാവസ്ഥവകുപ്പ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ഒക്ടോബർ 13) വിവിധ ജില്ലകളിൽ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നുണ്ട്. ഇത് സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു. ഇത് അന്തരീക്ഷത്തിൽ സമുദ്ര നിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിലാണ് ഉള്ളത്. തമിഴ്നാട് തീരത്തുള്ള ചക്രവാത ചുഴി ശക്തിപ്പെടുകയും അടുത്തദിവസം ന്യൂനമർദ്ദം ആവുകയും ചെയ്യും.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം രൂപപ്പെടുകയും അത് തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് മുകളിലൂടെ അറബിക്കടലിലെത്താനുമാണ് സാധ്യത. കാലവർഷത്തിന്റെ വിടവാങ്ങൽ വേഗത്തിൽ ആവുകയും ഇതിന് പിന്നാലെ തുലാവർഷം എത്താനും ഇത് കാരണമാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
Metbeat News ൻ്റെ വായനക്കാർക്ക് വിജയ ദശമി ആശംസകൾ