weather 24/10/24: ദന തീവ്ര ചുഴലിക്കാറ്റായി; ഇന്ന് രാത്രി കര കയറും, കേരളത്തിൽ ഇന്നും മഴ
ദന ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാത്രി ബാലാഷോർ തീരത്തിന് സമീപം കരകയറും. ബംഗാളിനും ഒഡീഷക്കും ഇടയിലുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് കരകയറുക.ഇതേ തുടർന്ന് ഇരുസംസ്ഥാനങ്ങളിലും മുന്നൊരുക്കങ്ങൾ നടത്തി. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു. തീര സംരക്ഷണ സേനയും തീരദേശ പോലീസും കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ ഇന്ന് അടച്ചിടും. ഒഡീഷയിലെയും ബംഗാളിലെയും 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത.
ഇന്ന് രാത്രിയോടെ 100-110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കരകയറുക. നിലവിൽ ഒഡീഷയിലെ പാരാ ദ്വീപിൽ നിന്ന് 330 കി.മി ഉം ബംഗാളിലെ സാഗർ ദ്വീപിൽ നിന്ന് 420 കിലോമീറ്റർ അകലെയാണ് ദന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇന്ന് പുലർച്ചെ 4 നുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് മണിക്കൂറിൽ 6 കി.മി വേഗതയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മഴയുണ്ടാകും. ഇന്നലെ വൈകിട്ട് മുതൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കേരളത്തിലേക്ക് കിഴക്കൻ അതിർത്തികളിലും തമിഴ്നാട്ടിലുമായി ഇന്നലെ wind confluence പ്രതിഭാസം ദൃശ്യമായിരുന്നു. ഇതേ തുടർന്ന് കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു.
മണ്ണാർക്കാട് 11 സെൻറീമീറ്റർ മഴയാണ് 2 മണിക്കൂർ കൊണ്ട് ലഭിച്ചത്. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. മണ്ണാർക്കാട് ടൗണിൽ കടകളിൽ വെള്ളം കയറി. തിരുവനന്തപുരം ബോണക്കാട് മരപ്പാലം എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇടുക്കി ജില്ലയിലെ കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ വണ്ണപ്പുറം വില്ലേജ് 40 ഏക്കർ എന്ന് സ്ഥലത്ത് ശക്തമായ മഴയെ തുടർന്ന് ഒരാൾ ചപ്പാത്ത് കടക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ട് ഓമന (60) മരിച്ചത്. വണ്ണപ്പുറം കൂവപ്പുറം ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായി 4 വീടുകളിൽ വെള്ളംകയറി. ഒരു വീട് പൂർണ്ണമായും തകർന്നു. പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ഇന്നലെ തെക്കൻ കേരളത്തിലെ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നും കേരളത്തിൽ മഴ തുടരാൻ സാധ്യതയെന്ന് Metbeat Weather പറയുന്നു. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.