ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; 14 മുതല്‍ കേരളത്തിലും മഴ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ മുന്നോടിയായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് വടക്കന്‍ ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്ക് സമീപമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. കഴിഞ്ഞ മാസം 20 ഓടെ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും രൂപപ്പെട്ട അതേ മേഖലയിലാണ് ഇന്ന് ചക്രാവാത ചുഴി രൂപം കൊണ്ടതെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറഞ്ഞു. ഫിന്‍ജാല്‍ സഞ്ചരിച്ച പാതയില്‍ അടുത്ത 5 ദിവസം സഞ്ചരിച്ച് ശ്രീലങ്കക്ക് സമീപം നില കൊള്ളും. തുടര്‍ന്ന് ന്യൂനമര്‍ദമാകാനാണ് സാധ്യത.
തുടക്കം ഫിന്‍ജാലിന്റെ പാതയില്‍
ഈ ന്യൂനമര്‍ദം തുടര്‍ന്ന് ഏതു പാതയില്‍ നീങ്ങുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ചുഴലിക്കാറ്റ് പോലെ ശക്തിപ്പെടാനുള്ള സാധ്യത ഈഘട്ടത്തില്‍ പറയാനാകില്ലെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറഞ്ഞു. ശ്രീലങ്ക മുതല്‍ അറബിക്കടല്‍ വരെയുള്ള മേഖലയില്‍ തീവ്രന്യൂനമര്‍ദമോ ചുഴലിക്കാറ്റോ രൂപപ്പെടാന്‍ അനുകൂല അന്തരീക്ഷസ്ഥിതിയാണ് ഡിസംബര്‍ ആദ്യവാരം ഉള്ളതെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനമുള്ളതിനാല്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദത്തെ കുറിച്ച് നിരീക്ഷണം വേണമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
കേരളത്തില്‍ മഴ ലഭിക്കുമോ?
ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം ഡിസംബര്‍ 14 ന് ശേഷം കേരളത്തിലടക്കം മഴ നല്‍കാന്‍ പര്യാപ്തമാണ് അന്തരീക്ഷസ്ഥിതി. തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
അതേസമയം, അറബിക്കടലിലെത്തിയ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ശേഷിപ്പുകള്‍ ന്യൂനമര്‍ദമായി ശക്തികുറഞ്ഞു. കരയില്‍ നിന്ന് അകലെ തെക്കുകിഴക്കന്‍ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ കേരളത്തിലോ ഇന്ത്യെയുടെ കരപ്രദേശങ്ങളിലോ ഈ സിസ്റ്റം ഇനി സ്വാധീനിക്കില്ല. ഞായറാഴ്ചയോടെ സൊമാലിയന്‍ തീരത്തിനു സമീപം ദുര്‍ബമാകുകയും ചെയ്യും. ഇനിയുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദത്തെയാണ് നിരീക്ഷിക്കേണ്ടത്.