മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഇന്ന് അർധരാത്രി തീവ്ര ചുഴലിക്കാറ്റാകും

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് (Cyclonic Storm) മോക്ക രൂപപ്പെട്ടു. യമനാണ് ഈ പേര് നിർദേശിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇന്ന് രാവിലെയാണ് മോക്ക ചുഴലിക്കാറ്റ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇവിടെ തീവ്ര ന്യൂനമർദം (Deep Depression) രൂപപ്പെട്ടിരുന്നു.

ഇന്നു അർധരാത്രി തീവ്ര ചുഴലിക്കാറ്റാകും
ഇന്നു അർധരാത്രിയോടെ മോക്ക ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm) ആകാനാണ് സാധ്യത. തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം മോക്കയുടെ ഇതുവരെയുള്ള സഞ്ചാര ദിശയിൽ മാറ്റം വരും. വടക്കു വടക്കുപടിഞ്ഞാറ് ദിശയിലായിരുന്നു ഇതുവരെ സഞ്ചരിച്ചതെങ്കിൽ ഇന്നു അർധരാത്രി മുതൽ വടക്കു വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കും. നാളെയോടെ മോക്ക വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm (VSCS) ആകാനാണ് സാധ്യത. മധ്യ ബംഗാൾ ഉൾക്കടലിൽ നിലവിൽ മോക്കയുള്ള ഭാഗങ്ങളിൽ അതിനുള്ള അനുകൂല അന്തരീക്ഷസ്ഥിതിയാണുള്ളതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കാറ്റിന്റെ ഖണ്ഡധാര (Wind Shear) സമുദ്രോപരി താപനില ( Sea Surface Temperature) എന്നിവ അനുകൂല സ്ഥിതിയിലായതിനാലാണ് ചുഴലിക്കാറ്റ് വേഗത്തിൽ ശക്തിപ്പെടുന്നത്.

മ്യാൻമറിൽ കരകയറിയേക്കും, ശനിയാഴ്ച ഉഗ്രരൂപം പ്രാപിക്കും

മോക്ക ചുഴലിക്കാറ്റ് ഈ മാസം 14 ഓടെ മ്യാൻമർ-ബംഗ്ലാദേശ് തീരത്ത് കരകയറാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. എന്നാൽ ചുഴലിക്കാറ്റ് മ്യാൻമറിനോട് കൂടുതൽ അടുത്ത് കരകയറാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. കരകയറും മുൻപ് ശക്തികുറഞ്ഞു തുടങ്ങുമെന്നും ഞങ്ങളുടെ നിരീക്ഷകർ അനുമാനിക്കുന്നു. തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റിന് കൂടുതൽ ഊർജം സ്വീകരിക്കാനുള്ള അന്തരീക്ഷമല്ല ഉള്ളതെന്നാണ് ഈ നിരീക്ഷണത്തിലേക്ക് നയിച്ചത്. കരതൊടും മുൻപ് 135 കി.മി വേഗതയിൽ വരെ മോക്ക വേഗത പ്രാപിക്കുമെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ശനിയാഴ്ച വൈകിട്ടോടെയാകും മോക്ക ഉഗ്രരൂപം പ്രാപിക്കുക.

കേരളത്തിലെ മഴ സാധ്യത

ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും പുൾ എഫക്ടിന്റെ ഭാഗമായി കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. അറബിക്കടലിൽ അടുത്ത ദിവസങ്ങളിലും സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടെന്നും അതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ മഴ ഞായറാഴ്ച വരെ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു. തിങ്കളാഴ്ചയോടെ വടക്കൻ കേരളത്തിൽ മഴ കുറഞ്ഞ് തെക്കൻ ജില്ലകളിലേക്ക് നീങ്ങുകയും തുടർന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ കുറയുകയും ചെയ്യും. ഏതാനും ദിവസം മഴ ഇടവേളക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ തിരികെ എത്തും.
മെറ്റ്ബീറ്റ് വെതറിന്റെ കാലാവസ്ഥാ അപ്‌ഡേഷനുകൾക്കും മറ്റു കാലാവസ്ഥാ വാർത്തകൾക്കും ഞങ്ങളുടെ വെബ്‌സൈറ്റുകളായ metbeat.com. metbeatnews.com സന്ദർശിക്കുക. ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment