Cyclone Asna Update (31/08/24) : അസ്‌ന ഒമാനിലേക്ക്, കടലില്‍ വച്ച് ശക്തി കുറയും, കേരളത്തിലെ മഴ സാധ്യത

Cyclone Asna Update (31/08/24) : അസ്‌ന ഒമാനിലേക്ക്, കടലില്‍ വച്ച് ശക്തി കുറയും, കേരളത്തിലെ മഴ സാധ്യത

വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റ് സമാന ശക്തിയില്‍ തുടരുന്നു. നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്തിലെ നാലിയയില്‍ നിന്ന് 320 കി.മി ഉം പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറായി 200 കി.മി ഉം പാകിസ്താനിലെ പസനിയില്‍ നിന്ന് 300 കി.മി ഉം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒമാനിലേക്കാണ് അസ്‌ന ചുഴലിക്കാറ്റ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒമാനിലെ മസ്‌കത്തില്‍ നിന്ന് 760 കി.മി കിഴക്കാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

ഇന്നലെ ഒമാനില്‍ നിന്ന് 920 കി.മി അകലെയായിരുന്നു അസ്‌ന ചുഴലിക്കാറ്റ്. ഒമാനിലെ തീരത്ത് മണിക്കൂറില്‍ 50 കി.മി വരെ വേഗത്തിലുള്ള കാറ്റുണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഈ സീസണിലെ അറബിക്കടലിലെ ആദ്യ ചുഴലിക്കാറ്റാണ് അസ്‌ന. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ മെയില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് അപൂര്‍വമാണ്. കാലവര്‍ഷം സജീവമായി നില്‍ക്കുമ്പോള്‍ വടക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അത്യപൂര്‍വമാണ്. ഈ സമയം ഇവിടത്തെ കാറ്റിന്റെ ഖണ്ഡധാര ഉള്‍പ്പെടെ ചുഴലിക്കാറ്റിനെ സജീവമാക്കി നിര്‍ത്തുന്ന ഘടകങ്ങള്‍ അനുകൂലമാകാറില്ല എന്നതാണ് കാരണം.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനമാകും വടക്കന്‍ അറബിക്കടലില്‍ ഈ സമയം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ കാരണമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ഇന്നും അസ്‌ന ചുഴലിക്കാറ്റ് സജീവമായി നിലനില്‍ക്കുമെങ്കിലും രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ കടലില്‍ വച്ചു തന്നെ ദുര്‍ബലമായി തീവ്ര ന്യുനമര്‍ദമാകും. തുടര്‍ന്നാകും ഒമാനിലേക്ക് നീങ്ങുക. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഈര്‍പ്പമുള്ള കാറ്റും അറേബ്യന്‍ മേഖലയില്‍ നിന്ന് ഒമാന്‍ കടല്‍ വഴിയെത്തുന്ന വരണ്ട ഉഷ്ണക്കാറ്റും ചുഴലിക്കാറ്റിന്റെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തുമെന്നാണ് നിരീക്ഷണം. കടലില്‍ ശക്തമായ ഇടിമിന്നലും മഴയും നല്‍കി അസ്‌ന ദുര്‍ബലമാകും.

അസ്‌ന ചുഴലിക്കാറ്റിന്റെ പുതിയ പാത – Image Courtesy- JTWC

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ ആയിരങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് മൂലം ഗുജറാത്തില്‍ മഴ കുറയുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നത്. അതുവരെ ഗുജറാത്തിലുണ്ടായിരുന്ന കനത്ത മഴക്ക് ശമനം ലഭിച്ചു തുടങ്ങി. എന്നാല്‍ നേരത്തെയുണ്ടായ പ്രളയ മേഖലയില്‍ നിന്ന് വെള്ളക്കെട്ടുകള്‍ കുറഞ്ഞിട്ടില്ല.

കേരളത്തില്‍ മഴയുടെ ശക്തി കുറയും

കേരളത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ച മഴയുടെ ശക്തി കുറയും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയിലും ഇന്ന് രാവിലെ മുതല്‍ മഴ ലഭിക്കും. കാസര്‍കോടും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും രാവിലെ കനത്ത മഴ പ്രതീക്ഷിക്കാം. ഇന്നലെ രാത്രി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment