Cyclone Asna update (30/08/24) : അറബിക്കടലില്‍ അസ്‌ന ചുഴലിക്കാറ്റ് രൂപപ്പെട്ടു, ഒമാന്‍ ലക്ഷ്യമാക്കി നീങ്ങും
ഗുജറാത്തിന് മുകളില്‍ നിലകൊണ്ടിരുന്ന അതി തീവ്ര ന്യൂനമര്‍ദം (Deep Depression) അസ്‌ന ചുഴലിക്കാറ്റായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അമേരിക്കന്‍ നാവിക സേനയുടെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ (JTWC) ഇക്കാര്യം സ്ഥിരീകരിച്ചു. കാറ്റിന്റെ വേഗത ഇന്ന് പുലര്‍ച്ചെ 5.30 ന് 65 കി.മി (35 നോട്ട്‌സ്) ആയതിനെ തുടര്‍ന്നാണ് ചുഴലിക്കാറ്റ് സ്ഥിരീകണമുണ്ടായത്.
ഒമാനിലെത്തും മുന്‍പ് ദുര്‍ബലമാകും
ശനിയാഴ്ച വൈകിട്ട് വരെ ചുഴലിക്കാറ്റായി തുടര്‍ന്ന് കടലിലൂടെ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങും. വടക്കുകിഴക്കന്‍ അറബിക്കടലില്‍ പാകിസ്ഥാന്‍ തീരത്തോട് ചേര്‍ന്നാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഒമാന്‍ തീരത്തെത്തും മുന്‍പ് ദുര്‍ബലമാകും. പുതിയ സഞ്ചാര പാത അനുസരിച്ച് അസ്‌ന ചുഴലിക്കാറ്റ് ഇന്ത്യ, പാകിസ്താന്‍ തീരങ്ങളില്‍ നിന്ന് അകന്നാണ് സഞ്ചരിക്കുക. പാകിസ്താനിലെ തുറമുഖമായ ഗ്വാദാറും, ഇറാന്‍ തുറമുഖമായ ചബഹാറും ഒമാനിലെ മസ്‌കത്തും, സുറും, ഖുറിയാത്തും ഇബ്രയും സുമൈലും ബറക്കയും ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശമായ cone of uncertainty യില്‍ ഉള്‍പ്പെടും. പാകിസ്ഥാന്‍ നിര്‍ദേശിച്ച അസ്‌ന എന്ന പേലിലാണ് ഇത് അറിയപ്പെടുക. പ്രകീര്‍ത്തനം എന്നതാണ് ഉര്‍ദുവില്‍ ഇതിന് അര്‍ഥം.
ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ഗുജറാത്തിലും മറ്റ് വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും മഴ കുറഞ്ഞു തുടങ്ങും. ചുഴലിക്കാറ്റ് കടലില്‍ നിന്നുള്ള മേഘങ്ങളെ കേന്ദ്രീകരിക്കുന്നതു മൂലമാണിത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ മസ്‌കത്തിനും സുറിനും സമാന്തരമായി കടലില്‍ വച്ച് അസ്‌ന ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമാകും.
ഒമാനില്‍ തിങ്കള്‍ മുതല്‍ കനത്ത മഴ
ഒമാനില്‍ അടുത്തയാഴ്ച കനത്ത മഴയും പ്രളയവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു. ഒമാനിലെ സൊഹാര്‍ മുതല്‍ അല്‍ ജുമൈയ തീരംവരെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും തിങ്കള്‍ മുതല്‍ പ്രതീക്ഷിക്കാം. ദുകം, സലാല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ചുഴലിക്കാറ്റ് ബാധിക്കില്ല. സലാലയില്‍ മഴ ലഭിക്കുമെങ്കിലും മറ്റു പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ല.
കേരളത്തിലും മഴ ശക്തം
അതിനിടെ കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. ഇതേ കുറിച്ച് വായിക്കാന്‍ താഴെയുള്ള വാര്‍ത്ത ക്ലിക്ക് ചെയ്യുക. ഏഴ് ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്ത Metbeat News Live Update ലോഡ് ആകുന്നത് വരെ കാത്തിരിക്കുക.