SAPACC ദേശീയ കാലാവസ്ഥാ സമ്മേളന വിളംബരവുമായി യുവജന സൈക്കിൾ യാത്ര

സൗത്ത് ഏഷ്യൻ പീപ്പിൾസ് കമ്മിറ്റി ഓൺ ക്ലൈമറ്റ് ക്രൈസിസ് (SAPACC) കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസംബർ 15 മുതൽ 18 വരെ സംഘടിപ്പിക്കുന്ന ദേശീയ കാലാവസ്ഥാ സമ്മേളനത്തിന്റെ വിളംബരവുമായി കാപ്പാട് കടപ്പുറത്തുനിന്നും കോഴിക്കോട് ബീച്ച്ലേക്ക് വിവിധ സൈക്കിൾ ക്‌ളബ്ബുകളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. പ്രമുഖ സൈക്കിൾ യാത്രികനും പ്രചാരകനുമായ ഹരി പാമ്പൂർ യാത്രക്ക് നേതൃത്വം നൽകി.

കാപ്പാട് ബീച്ചിൽ നടന്ന ലളിതമായ റാലി ഫ്ലാഗ് ഓഫിനു സാമൂഹ്യ പ്രവർത്തകനും കലാവസ്ഥാ സമ്മേളനം പ്രചരണ കമ്മിറ്റി കൺവീനറുമായ ശരത് ചേലൂർ സ്വാഗതം പറഞ്ഞു. കാപ്പാട് കടപ്പുറത്ത് സൈക്കിൾ ഉപയോഗിച്ചു കൊണ്ട് ഉപജീവനം നടത്തുന്ന മരയ്ക്കാർ SAPACC ദേശീയ കാലാവസ്ഥ സമ്മേളനം വിളംബര സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. NAPM സംസ്ഥാന കൺവീനറും കാലാവസ്ഥ സമ്മേളനം പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപികയും ദേശീയ കാലാവസ്ഥ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായ ഡോ സ്മിത പി കുമാർ ആമുഖഭാഷണം നടത്തി.

കാപ്പാട് ബീച്ച് പരിസരത്തു നിന്നും രാവിലെ 07 മണിയോടെ ആരംഭിച്ച റാലി കാപ്പാട് അങ്ങാടി, വികാസ് നഗർ, കാട്ടിലപീടിക, എലത്തൂർ, പാവങ്ങാട്, വെസ്റ്റ്ഹിൽ, നടക്കാവ്, മാവൂർ റോഡ്, മാനാഞ്ചിറ, സി.എച്ച് ഓവർബ്രിഡ്ജ് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു 11 മണിയോടെ കോഴിക്കോട് ബീച്ചിൽ അവസാനിച്ചു. കോരപ്പുഴ സെന്ററിൽ പോയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് അംഗങ്ങൾ റാലിയെ സ്വീകരിച്ചു. എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ കെ പി അനിൽകുമാർ, മുൻ പി എസ് സി അംഗം ടി ടി ഇസ്മായിൽ, എൻ എസ് എസ് വളന്റിയർമാർ എന്നിവർ റാലിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

കോഴിക്കോട് കടപ്പുറത്ത് വെച്ച് സമ്മേളന സംഘാടക സമിതി അംഗങ്ങൾ തൽഹത്ത് വെള്ളയലിൻ്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രികരെ സ്വീകരിച്ചു. കാപ്പാട് ബീച്ച് റൈഡേർസ് പ്രവർത്തകരായ ഷഫീർ എം.പി, സുധീഷ് കുമാർ, ആൽവിൻ പി, സത്യജിത്ത് എലത്തൂർ തുടങ്ങിയവരും വിവിധ സൈക്കിൾ ക്‌ളബ്ബ് സംഘാടകരും കോഴിക്കോട് ബീച്ചിൽ നടന്ന സമാപന സമ്മേളനത്തിൽ സംസാരിച്ചു. ദേശീയ സമ്മേളനം സംഘാടക സമിതി അംഗങ്ങളായ തൽഹത്ത് വെള്ളയിൽ, വിജയരാഘവൻ ചേലിയ, ഡോ. സ്മിത പി കുമാർ, ശരത് ചേലൂർ എന്നിവരും ഹരി പാമ്പൂരിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ ക്ലബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment