ഉഷ്ണ തരംഗത്തിലും, കാട്ടുതീയിലും, കനത്ത മഴയിലും ദുരിതമനുഭവിച്ച് ലോകരാജ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉഷ്ണ തരംഗവും, കാട്ടുതീയും, കനത്ത മഴയും വെള്ളപ്പൊക്കവും ലോകത്തെ വിവിധ രാജ്യങ്ങളെ വേട്ടയാടുകയാണ്. ഏഥൻസിന് സമീപം കാട്ടുതീ ആളി പടരുന്നതിനെ തുടർന്ന് ഗ്രീക്ക് കടൽ തീരത്തെ റിസോർട്ടിന് സമീപമുള്ള 1200 കുട്ടികളെ ഒഴിപ്പിച്ചു. അവിടെ അവധിക്കാല ക്യാമ്പുകൾ നടക്കുന്ന മേഖലയിൽ കാട്ടുതീ ഭീഷണി ഉയർത്തുന്നുണ്ടെന്ന് മേയർ ജിയോർഗോസ് ജികിയോണിസ് പറഞ്ഞു. കൂവാരസിലും ഏഥൻസിന് സമീപമുള്ള ലഗോണിസി, അനവിസ്സോസ്, സരോനിഡ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും കാട്ടുതീ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ്, 1200 കുട്ടികളെ മാറ്റിപ്പാർപ്പിച്ചത്.

അടിയന്തര നടപടികൾ സ്വീകരിച്ചു വരുകയാണ്. പബ്ലിക് ബ്രോഡ്കാസ്റ്ററായ ഇആർടിയിൽ നിന്നുള്ള ദൃശ്യങ്ങൾ അനുസരിച്ച് പ്രദേശത്ത് നിരവധി വീടുകൾ കത്തിനശിച്ചു. മനുഷ്യന്റെ ആരോഗ്യം, പരിസ്ഥിതി വ്യവസ്ഥകൾ,സമ്പദ്‌വ്യവസ്ഥകൾ, കൃഷി, ഊർജം, ജലവിതരണം എന്നിവയിൽ കാലാവസ്ഥ വ്യതിയാനം വലിയ സ്വാധീനം ചെലുത്തുന്നു,” ലോക കാലാവസ്ഥാ സംഘടന (WMO) സെക്രട്ടറി ജനറൽ പെറ്റെരി താലസ് പറഞ്ഞു.”ഹരിതഗൃഹ വാതക ഉദ്‌വമനം കഴിയുന്നത്ര വേഗത്തിലും ആഴത്തിലും കുറയ്ക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരുന്നു.

അതേസമയം റോമിൽ തിങ്കളാഴ്ച 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ചൂടിൽ നിന്ന് രക്ഷപ്പെടാൻ റോമിലെത്തിയ വിനോദസഞ്ചാരികൾ റോമിലെ ചൂടിൽ പൊറുതിമുട്ടി. യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നിരീക്ഷണ സേവനമനുസരിച്ച്, ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ചൂടേറിയ ജൂണായിരുന്നു ഇത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

ചൈനയിൽ ഞായറാഴ്ച 52.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. സിൻജിയാങ്ങിലാണ് ഇത്രയും താപനില രേഖപ്പെടുത്തിയത്. ആറുവർഷം മുൻപുള്ള ചൈനയുടെ റെക്കോർഡ് താപനില 50. 6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ റെക്കോർഡ് ആണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ജപ്പാനിലും കടുത്ത ചൂടുകാരണം അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 60 പേരെങ്കിലും ചൂടു ബാധിച്ച് ചികിത്സയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ 51 പേരെ ടോക്കിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വ്യാഴാഴ്ച വരെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കുമെന്നും റിപ്പോർട്ട്. കടുത്ത ചൂടിൽ 90 വയസ്സുള്ള ഒരാൾ മരിച്ചു.പ്രായമായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്.

ആഗോളതാപനത്തെ തുടർന്നുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ കൈവിട്ടുപോകുകയാണ്. ഇപ്പോഴത്തെ താപതരംഗത്തിനു കാരണം കാലാവസ്ഥാ വ്യതിയാനമാണ് എന്ന് റീഡിങ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. ഹന്നാ കോൽകെ പറഞ്ഞു. കാലാവസ്ഥാ പ്രവചന മാതൃകൾ പറയുന്നതിന്റെ എത്രയോ മടങ്ങ് വേഗത്തിലാണ് യൂറോപ്പിലെ ഉഷ്ണതരംഗം പുരോഗമിക്കുന്നതെന്ന് അവർ പറഞ്ഞു.

ചുട്ടുപൊള്ളി യുഎസും

കടുത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് യുഎസ്. പടിഞ്ഞാറൻ തെക്കൻ യുഎസ് സംസ്ഥാനങ്ങളിലായി 80 ലക്ഷത്തിലധികം ആളുകൾ കടുത്ത ചൂടിൽ വെന്തുരുകയാണ്. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഞായറാഴ്ച 52 ഡിഗ്രി സെൽഷ്യസ് റെക്കോർഡ് താപനില രേഖപ്പെടുത്തി. അരിസോണയുടെ സംസ്ഥാന തലസ്ഥാനമായ ഫീനിക്സിൽ തുടർച്ചയായ 18 ദിവസമായി 43 ഡിഗ്രി റെക്കോർഡ് താപനില തുടരുകയായിരുന്നു എന്നാൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് താപനില കൂടി 45 ഡിഗ്രി സെൽഷ്യസിൽ എത്തി. തെക്കൻ കാലിഫോർണിയയിൽ, ലോസ് ഏഞ്ചൽസിന് കിഴക്കുള്ള ഗ്രാമപ്രദേശങ്ങളിൽ കുറച്ച് ദിവസങ്ങളായി നിരവധി കാട്ടുതീ പടർന്നുപിടിച്ചു. റാബിറ്റ് ഫയർ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും വലിയ അഗ്നിബാധയിൽ ഏകദേശം 8,000 ഏക്കർ കത്തിനശിച്ചു, തിങ്കളാഴ്ച രാവിലെ 35 ശതമാനം കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. അയൽരാജ്യമായ കാനഡയിൽ തിങ്കളാഴ്ച 882 കാട്ടുതീ പടർന്നു, ഇതിൽ 579 എണ്ണം നിയന്ത്രണാതീതമാണെന്ന് അധികൃതർ അറിയിച്ചു.
തീപിടുത്തത്തിൽ നിന്നുള്ള പുക വീണ്ടും അമേരിക്കയിലേക്ക് ഇറങ്ങി, വടക്കുകിഴക്കൻ പ്രദേശങ്ങളിലുടനീളം വായു ഗുണനിലവാര മുന്നറിയിപ്പ് നൽകി.

ഉഷ്ണ തരംഗത്തിന് തയ്യാറായി ഇറ്റലി

യൂറോപ്പിൽ, റോം, ബൊലോഗ്ന, ഫ്ലോറൻസ് എന്നിവയുൾപ്പെടെ 16 നഗരങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചതോടെ, “വേനൽക്കാലത്തെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗത്തിന്” തയ്യാറെടുക്കാൻ ഇറ്റലിക്കാർക്ക് മുന്നറിയിപ്പ് നൽകി. തെക്കൻ പട്ടണമായ വില്ലാറോബ്ലെഡോയിൽ 47 ഡിഗ്രി സെൽഷ്യസ് താപനിലരേഖപ്പെടുത്തി.

ചൂടിനൊപ്പം ഏഷ്യയുടെ പല ഭാഗങ്ങളിലും പേമാരി

അതേസമയം കടുത്ത ചൂടു തുടരുന്ന വിവിധ രാജ്യങ്ങൾക്കൊപ്പം ഏഷ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും തുടരുകയാണ്. ദക്ഷിണ കൊറിയയിൽ മൺസൂൺ മഴയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചില്ലും കുറഞ്ഞത് 40 പേരെങ്കിലും മരിച്ചു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment