യൂറോപ്പും ജപ്പാനും കാലിഫോർണിയയും ചൂട് 50 ഡിഗ്രി കടന്നു

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകത്ത് വിവിധ രാജ്യങ്ങളിൽ ഉഷ്ണതരംഗം പിടിമുറുക്കി. വടക്കുപടിഞ്ഞാറൻ അമേരിക്ക, യൂറോപ്, ചൈന, ജപ്പാൻ, ഇസ്‌റായേൽ, ഗൾഫ്, മേഖലകളിലാണ് കൊടുംചൂട് അനുഭവപ്പെടുന്നത്.

ചൈനയിൽ 52.2, ആറു മാസം മുൻപ് -50
ചൈനയിൽ ഞായറാഴ്ച 52.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സിൻജിയാങ്ങിലാണ് ഇത്രയും താപനില രേഖപ്പെടുത്തിയതെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള ദിനപത്രം സിൻജിയാങ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ആറുമാസം മുൻപ് ചൈനയിൽ മൈനസ് 50 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. അഞ്ചു ദിവസം കൂടി ചൈനയിൽ കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നേരത്തെ 50.3 ഡിഗ്രിയിയായിരുന്നു ചൈനയിലെ ഏറ്റവും കൂടിയ താപനില. അതാണ് ഞായറാഴ്ച റെക്കോർഡ് പുതുക്കിയത്. 2015 അയ്ഡിനു സമീപമായിരുന്നു 50.3 ഡിഗ്രി രേഖപ്പെടുത്തിയത്. ജനുവരി 22 ന് വടക്കുകിഴക്കൻ ഹെലിയോൻഗിയാങ് പ്രവിശ്യയിലെ മോഹയിൽ മൈനസ് 53 ഡിഗ്രിയായിരുന്നു താപനില.

ഉത്തരാർധ ഗോളത്തിൽ വേനൽക്കാലം
ഇപ്പോൾ കേരളവും ഇന്ത്യയും ഉൾപ്പെടുന്ന ഉത്തരാർധ ഗോളത്തിൽ വേനൽ സീസണാണ്. അതിനാലാണ് ഉത്തരാർധ ഗോളത്തിൽ താപനില കൂടുന്നത്. ധ്രുവ പ്രദേശങ്ങളിലും താപനില കൂടുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കടൽ നിരപ്പ് ഉയരാനും തീരദേശ നഗരങ്ങൾക്കും ധ്രൂവങ്ങളിലെ മഞ്ഞുരുക്കം ഭീഷണിയാണ്.

ഡെത്ത് വാലിയിൽ റെക്കോഡിനരികെ
ലോക ചരിത്രത്തിൽ റെക്കോഡ് താപനില രേഖപ്പെടുത്തിയത് കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ 56.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിൽ ഞായറാഴ്ച ഇവിടെ 53.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ഇന്ന് താപതരംഗ മുന്നറിയിപ്പ് നൽകി. ചൂട് തുടരുമെന്നാണ് നാഷനൽ വെതർ സർവിസ് പറയുന്നത്. അരിസോണയിൽ 70 കാരൻ ചൂടിനെ തുടർന്ന് മരിച്ചു.

അമേരിക്കയിൽ 30 ലക്ഷം പേർക്ക് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. 38 നഗരങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. അതേസമയം, യു.എസിന്റെ ചില ഭാഗങ്ങളിൽ പേമാരിയും പ്രളയവും തുടരുകയാണ്. തെക്കൻ ലൂസിയാന, അരിസോണ, ഒഹിയോ വാലി എന്നിവിടങ്ങളിലാണ് പ്രളയവും പേമാരിയും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇസ്‌റായേലിൽ പൊള്ളുന്നു
ഇസ്‌റായേൽ, ഫലസ്തീൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും 40 നും 50 ഡിഗ്രിക്കും ഇടയിലാണ് താപനില. കഴിഞ്ഞ ദിവസം ഇസ്‌റായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് താപതരംഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തിരുന്നു. ഇസ്‌റായേലിൽ 10 ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് താപനില. ഗൾഫ് രാജ്യങ്ങളിലും ഫലസ്തീനിലും കൊടുംചൂട് തുടരുകയാണ്.

യൂറോപ്പിൽ 45 ഡിഗ്രി കടന്നു
ഇറ്റലിയിലെ സാർഡിനിയയിലെ 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2021 ഓഗസ്റ്റിൽ സിസിലിയിൽ രേഖപ്പെടുത്തിയ 48.8 ഡിഗ്രിയാണ് യൂറോപ്പിലെ റെക്കോഡ് ചൂട്. 16 നഗരങ്ങളിൽ ഇറ്റാലിയൻ അധികൃതർ റെഡ് അലർട്ട് നൽകി. തെക്കൻ ഇറ്റലിയിൽ താപനില 43 ഡിഗ്രിയിൽ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്‌പെയിനിൽ താപനില 46 ഡിഗ്രി പിന്നിട്ടു. ഫ്രാൻസിൽ 40 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. അടുത്തയാഴ്ചയും താപനില തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗ്രീസിൽ കാട്ടുതീയെ തുടർന്ന് 1,200 കുട്ടികളെ ഹോളിഡേ ക്യാംപിൽ നിന്ന് ഒഴിപ്പിച്ചു.

ജപ്പാനിലും ചൂട് തന്നെ
ജപ്പാനിൽ 60 പേർ ഉഷ്ണതരംഗത്തെ തുടർന്ന് ചികിത്സ തേടി. ജപ്പാനിൽ 2018 ൽ റെക്കോഡ് താപനില രേഖപ്പെടുത്തിയത് കുമാഗയ നഗരത്തിലാണ്. 41.1 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.

കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്
ആഗോളതാപനത്തെ തുടർന്നുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ കൈവിട്ടുപോകുകയാണ്. ഇപ്പോഴത്തെ താപതരംഗത്തിനു കാരണം കാലാവസ്ഥാ വ്യതിയാനമാണ് എന്ന് റീഡിങ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. ഹന്നാ കോൽകെ പറഞ്ഞു. കാലാവസ്ഥാ പ്രവചന മാതൃകകൾ പറയുന്നതിന്റെ എത്രയോ മടങ്ങ് വേഗത്തിലാണ് യൂറോപ്പിലെ ഉഷ്ണതരംഗം പുരോഗമിക്കുന്നതെന്ന് അവർ പറഞ്ഞു.

Share this post

Leave a Comment