കൃഷി ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ചാകാം -4
ഡോ. ഗോപകുമാർ ചോലയിൽ
തോട്ടവിളകളുടെ നാടാണ് കേരളം. സംസ്ഥാനത്തിന് കാലാവസ്ഥാപരമായ ഒരു വർഗീകരണം നൽകുകയാണെങ്കിൽ ആർദ്രോഷണ മേഖലയിലെ B4/ B3 വിഭാഗത്തിലാണ് കേരളത്തിന്റെ സ്ഥാനം. അതായത്, ഈർപ്പമാനം കൂടിയ മേഖലയെന്ന് ചുരുക്കം. സംസ്ഥാനത്തെ വാർഷിക വര്ഷപാതം കഴിഞ്ഞ ആറ് പതിറ്റാണ്ടായി കുറയ്ക്കുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. അന്തരീക്ഷ താപനിലയിൽ വർധനവിന്റെ പ്രവണതയും നിരീക്ഷിക്കപ്പെടുന്നു. മഴക്കുറവും അന്തരീക്ഷതാപനിലയിലെ വർധനവും മൂലമാകാം, സംസ്ഥാനം ആർദ്രോഷണ മേഖലയിലെ ഈർപ്പമാനം കൂടിയ നിലയിൽ നിന്ന് (B4), താരതമ്യേന ഈർപ്പമാനം കുറഞ്ഞ മേഖലയിലേക്ക് (B3 )നീങ്ങുന്നതിനുള്ള പ്രവണത നിലനിൽക്കുന്നു. മഴകുറയുകയും താപനില കൂടുകയും ചെയ്യുന്ന വർഷങ്ങളിൽ ഈ പ്രവണത മുന്നിട്ട് നിൽക്കുന്നു.
കേരളത്തിന്റെ തീരദേശ മേഖലകൾ ചൂടേറുന്നതിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നു. ഹൈറേഞ്ച് മേഖലകളാണ് തൊട്ടു പുറകിൽ. കനത്ത കാലവർഷ മഴ, മേഘാവൃതമായ അന്തരീക്ഷം, സൂര്യപ്രകാശത്തിന്റെ കുറവ്, ഒക്ടോബർ, നവംബർ മാസങ്ങളിൽ തുലാവർഷത്തിന്റെ അഭാവത്തിൽ മെയ് വരെ നീളുന്ന കടുത്ത വേനൽ വേളകൾ ഇവയാണ് പൊതുവെ കേരളത്തിന്റെ പൊതുവെയുള്ള കാലാവസ്ഥാപരമായ പ്രത്യേകത. തെക്കൻ ജില്ലകളിൽ രണ്ടു മഴക്കാലങ്ങളുടെയും (കാലവർഷം ,തുലാവർഷം) സാന്നിധ്യമുണ്ട്. എന്നാൽ, ഉത്തരകേരളത്തിൽ കാലവർഷം മാത്രമാണ് പ്രകടമായി ലഭിക്കുന്നത്. രണ്ട് മഴക്കാലങ്ങളുള്ളതിനാൽ ദക്ഷിണ കേരളത്തിൽ തോട്ടവിള ഉത്പാദനം ഉത്തര കേരളത്തെ അപേക്ഷിച്ച ഉയർന്നതാണ്.
കശുമാവ്, കാപ്പി, കുരുമുളക് എന്നീ വിളകളുടെ ഉത്പാദനം മലനാട്ടിലെ ഇടനാട്ടിലും മികച്ചതായി കാണപ്പെടുന്നു. നവംബർ മുതൽ മെയ് വരെ നീളുന്ന വരണ്ട വേനൽക്കാലം ഈ വിളകളുടെ ഉല്പാദനത്തിൽ പ്രതികൂല പ്രഭാവമുളവാക്കുന്നില്ലെന്ന് കാണാം. കാപ്പിച്ചെടിയെ സംബന്ധിച്ചിടത്തോളം പൂവിടുന്നതിനും കാപ്പിക്കുരു പിടിക്കുന്നതിനും മഴ അത്യാവശ്യമാണ്. വേനൽ മഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ സ്പ്രിംഗ്‌ളർ, തുള്ളിനന തുടങ്ങിയ രീതികൾ കർഷകർ സ്വീകരിക്കുന്നുണ്ട്. കുരുമുളകിന് വേനൽ മഴ ഗുണം ചെയ്യില്ല. കടുത്ത വേനലിൽ ചെറിയ കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങി പോകാറുണ്ട്. മൺസൂണിലെ കനത്ത മഴ കുരുമുളക്, കശുമാവ്, കാപ്പി, തേയില, റബ്ബർ എന്നിവക്ക് ദോഷം ചെയ്യാറില്ല. എന്നാൽ, വെള്ളക്കെട്ട് മൂലം തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബർ, ഏലം എന്നിവക്ക് ദോഷം ചെയ്യാം. (തുടരും)
(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)