മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആലിപ്പറമ്പ് ആനമങ്ങാട് മരച്ചീനി കൃഷിയിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോൺ ഉപയാഗിച്ചു. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത കസാവ സ്പെഷ്യൽ മൈക്രോണോൾ ആണ് കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ മുൻ നിര പ്രദർശനത്തിൽ 6 ഏക്കർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് തളിചത്. കിഴങ്ങിൻെറ ഗുണനിലവാരവും കീട രോഗ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാൻ കസാവ സ്പെഷ്യൽ സഹായിക്കും. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഫ്സൽ drone പറത്തി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞർ ഡോ. ജസ്ന,ഡോ. നാജിത, കൃഷി ഓഫീസർ റജീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കൃഷി ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ചാകാം -4
ഡോ. ഗോപകുമാർ ചോലയിൽ
തോട്ടവിളകളുടെ നാടാണ് കേരളം. സംസ്ഥാനത്തിന് കാലാവസ്ഥാപരമായ ഒരു വർഗീകരണം നൽകുകയാണെങ്കിൽ ആർദ്രോഷണ മേഖലയിലെ B4/ B3 വിഭാഗത്തിലാണ് കേരളത്തിന്റെ സ്ഥാനം. അതായത്, ഈർപ്പമാനം കൂടിയ മേഖലയെന്ന് ചുരുക്കം. സംസ്ഥാനത്തെ വാർഷിക വര്ഷപാതം കഴിഞ്ഞ ആറ് പതിറ്റാണ്ടായി കുറയ്ക്കുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. അന്തരീക്ഷ താപനിലയിൽ വർധനവിന്റെ പ്രവണതയും നിരീക്ഷിക്കപ്പെടുന്നു. മഴക്കുറവും അന്തരീക്ഷതാപനിലയിലെ വർധനവും മൂലമാകാം, സംസ്ഥാനം ആർദ്രോഷണ മേഖലയിലെ ഈർപ്പമാനം കൂടിയ നിലയിൽ നിന്ന് (B4), താരതമ്യേന ഈർപ്പമാനം കുറഞ്ഞ മേഖലയിലേക്ക് (B3 )നീങ്ങുന്നതിനുള്ള പ്രവണത നിലനിൽക്കുന്നു. മഴകുറയുകയും താപനില കൂടുകയും ചെയ്യുന്ന വർഷങ്ങളിൽ ഈ പ്രവണത മുന്നിട്ട് നിൽക്കുന്നു.
കേരളത്തിന്റെ തീരദേശ മേഖലകൾ ചൂടേറുന്നതിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നു. ഹൈറേഞ്ച് മേഖലകളാണ് തൊട്ടു പുറകിൽ. കനത്ത കാലവർഷ മഴ, മേഘാവൃതമായ അന്തരീക്ഷം, സൂര്യപ്രകാശത്തിന്റെ കുറവ്, ഒക്ടോബർ, നവംബർ മാസങ്ങളിൽ തുലാവർഷത്തിന്റെ അഭാവത്തിൽ മെയ് വരെ നീളുന്ന കടുത്ത വേനൽ വേളകൾ ഇവയാണ് പൊതുവെ കേരളത്തിന്റെ പൊതുവെയുള്ള കാലാവസ്ഥാപരമായ പ്രത്യേകത. തെക്കൻ ജില്ലകളിൽ രണ്ടു മഴക്കാലങ്ങളുടെയും (കാലവർഷം ,തുലാവർഷം) സാന്നിധ്യമുണ്ട്. എന്നാൽ, ഉത്തരകേരളത്തിൽ കാലവർഷം മാത്രമാണ് പ്രകടമായി ലഭിക്കുന്നത്. രണ്ട് മഴക്കാലങ്ങളുള്ളതിനാൽ ദക്ഷിണ കേരളത്തിൽ തോട്ടവിള ഉത്പാദനം ഉത്തര കേരളത്തെ അപേക്ഷിച്ച ഉയർന്നതാണ്.
കശുമാവ്, കാപ്പി, കുരുമുളക് എന്നീ വിളകളുടെ ഉത്പാദനം മലനാട്ടിലെ ഇടനാട്ടിലും മികച്ചതായി കാണപ്പെടുന്നു. നവംബർ മുതൽ മെയ് വരെ നീളുന്ന വരണ്ട വേനൽക്കാലം ഈ വിളകളുടെ ഉല്പാദനത്തിൽ പ്രതികൂല പ്രഭാവമുളവാക്കുന്നില്ലെന്ന് കാണാം. കാപ്പിച്ചെടിയെ സംബന്ധിച്ചിടത്തോളം പൂവിടുന്നതിനും കാപ്പിക്കുരു പിടിക്കുന്നതിനും മഴ അത്യാവശ്യമാണ്. വേനൽ മഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ സ്പ്രിംഗ്‌ളർ, തുള്ളിനന തുടങ്ങിയ രീതികൾ കർഷകർ സ്വീകരിക്കുന്നുണ്ട്. കുരുമുളകിന് വേനൽ മഴ ഗുണം ചെയ്യില്ല. കടുത്ത വേനലിൽ ചെറിയ കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങി പോകാറുണ്ട്. മൺസൂണിലെ കനത്ത മഴ കുരുമുളക്, കശുമാവ്, കാപ്പി, തേയില, റബ്ബർ എന്നിവക്ക് ദോഷം ചെയ്യാറില്ല. എന്നാൽ, വെള്ളക്കെട്ട് മൂലം തെങ്ങ്, കവുങ്ങ്, കൊക്കോ, റബ്ബർ, ഏലം എന്നിവക്ക് ദോഷം ചെയ്യാം. (തുടരും)
(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)
ഈ മാസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്ത് 168 കോടി രൂപയുടെ കൃഷിനാശം. വിവിധ ജില്ലകളിലായി 23,643.4 ഹെക്ടറിലെ കൃഷിയാണ് മൊത്തം നശിച്ചത്. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, റബർ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും നശിച്ചതെന്നാണ് കൃഷിവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത്. ആലപ്പുഴയിലാണ് വലിയ നഷ്ടം. ഇവിടെ 4693 ഹെക്ടറിലെ കൃഷി നശിച്ചു. കൊയ്യാറായ നെല്ലാണ് അവിടെ മഴവെള്ളത്തിൽ മുങ്ങിപ്പോയത്.
അമ്പത് കോടിയിലേറെ രൂപയുടെ നഷ്ടമാണുള്ളത്. മലപ്പുറത്ത് 13,389 ഹെക്ടറിലെ കൃഷി നശിച്ചെങ്കിലും ആലപ്പുഴയുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തികനഷ്ടത്തിൽ കുറവുണ്ട്. ലക്ഷത്തിലേറെ വാഴകൾ നശിച്ച ഇവിട പതിനഞ്ച് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ചങ്ങരംകുളം മേഖലയിലടക്കം 243 പേരുടെ 217.40 ഹെക്ടറിലെ നെൽകൃഷി നശിച്ചതിൽ മാത്രം 3.26 കോടി രൂപയാണ് നഷ്ടം. കൊല്ലം, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് നാശം പൊതുവെ കുറവ്. കോട്ടയത്ത് വലിയ തോതിൽ റബറും കാസർകോട്ട് കശുവണ്ടിയും വ്യാപകമായി നിലംപൊത്തി.
പന്തലിട്ട പച്ചക്കറികൾ, മറ്റ് പച്ചക്കറികൾ, വെറ്റില, ജാതി, കൊക്കോ, കുരുമുളക് എന്നിവയെല്ലാം നശിച്ചവയിലുൾപ്പെടും. പാടശേഖര സമിതികളുടെയും സഹകരണസംഘങ്ങളുടെയും നേതൃത്വത്തിലെ ഏക്കറുകണക്കിന് ഭൂമിയിലെ കൃഷിയും നഷ്ടമായി. 42,319 പേരുടെ വിളനാശത്തിന്റെ കണക്കെടുപ്പാണ് കൃഷിവകുപ്പ് പൂർത്തിയാക്കിയത്. ചില ജില്ലകളിൽ കണക്കെടുപ്പ് തുടരുന്നതിനാൽ നാശനഷ്ടമുണ്ടായ കർഷകരുടെ എണ്ണം അരലക്ഷത്തോളവും മൊത്തം സാമ്പത്തികനഷ്ടം 200 കോടിയുമാകുമെന്നാണ് സൂചന. ആലപ്പുഴയിൽ 8199ഉം കണ്ണൂരിൽ 5364ഉം കാസർകോട്ട് 4975ഉം മലപ്പുറത്ത് 4740ഉം പേരുടെ കൃഷിയാണ് നശിച്ചത്.