കെ.ജംഷാദ്
കേരളം ഉൾപ്പെടെ ലോകത്തെ എല്ലാ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും അതിത്ര വേഗം നമ്മെ തേടിയെത്തുമെന്ന് ശാസ്ത്രജ്ഞർ പോലും ചിന്തിച്ചിരുന്നില്ല. ക്ലൈമറ്റ് മോഡൽ (കാലാവസ്ഥാ പ്രവചന കംപ്യൂട്ടർ മാതൃക) കളിലെ പ്രവചനം പോലും തെറ്റിച്ചാണ് ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ തലപൊക്കുന്നത്. ഡാറ്റയുടെ ഇൻപുട് മാറുന്നതിന് അനുസരിച്ച് ക്ലൈമറ്റ് മോഡലുകൾ നൽകുന്ന റിസൽട്ടുകളും ഭയപ്പെടുത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശക്തവും സുസ്ഥിരവുമായ നടപടികൾ ഇല്ലെങ്കിൽ മനുഷ്യരാശിയുടെ അതിജീവനം ഈ ഭൂമുഖത്ത് സങ്കീർണമാകുമെന്ന തിരിച്ചറിവിലാണ് ലോകം. നേരത്തെ കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ പ്രതികൂലമായി ബാധിക്കും എന്നതിൽ നിന്ന് മനുഷ്യരാശിയുടെ നിലനിൽപ് എന്നതിലേക്ക് അതിവേഗം മുന്നോട്ടു പോയിരിക്കുന്നു എന്നതാണ് നാം നേരിടുന്ന വെല്ലുവിളി. കാലാവസ്ഥാ പരമായി ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെട്ടിരുന്ന കേരളവും വലിയ പ്രകൃതിക്ഷോഭങ്ങൾ പതിവായ നാടായി മാറി. ഈ വർഷവും കാലാവസ്ഥാ വ്യതിയാനം നമുക്ക് ദൃശ്യമാണ്. നമ്മുടെ കാർഷിക വിളകളെയും പ്രകൃതിയെയും കുറച്ചൊന്നുമല്ല ഈ വെല്ലുവിളി ബാധിക്കുന്നത്. ആഗോള പ്രതിഭാസമായതിനാൽ ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാലേ ഈ ദുരന്തത്തിൽ നിന്ന് നാടിന് രക്ഷയുണ്ടാകൂ. അതിന് ഓരോ നാട്ടിലെയും ജനങ്ങളും ഇക്കാര്യത്തിൽ അവബോധരാകേണ്ടതുണ്ട്.
കൃഷിയും കാലാവസ്ഥയും
മനുഷ്യന്റെ നിലനിൽപ് ഭക്ഷണത്തിലാണ്. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം, പട്ടിണി എന്നിവ മൂലം പതിനായിരങ്ങൾ മരിച്ച ചരിത്രമുള്ള നാടാണ് ഇന്ത്യ. ലേകത്ത് സൊമാലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വർഷമുണ്ടായ കടുത്ത വരൾച്ചയെ തുടർന്ന് പട്ടിണിയിലാണ്. കൃഷിക്ക് ഏറ്റവും അനുയോജ്യം വിളകൾക്ക് ആവശ്യമായ കാലാവസ്ഥയാണ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. കാലാവസ്ഥ മോശമായാൽ വിളകൾ പ്രതീക്ഷിച്ച വിളവെടുപ്പ് നൽകില്ല. ഇത് നമ്മുടെ ഭക്ഷ്യ,ധാന്യ ശേഖരത്തിന്റെ തോത് കുറയ്ക്കും. അങ്ങനെ വിലക്കയറ്റമുണ്ടാകും. ആ വിലക്കയറ്റം നമ്മുടെ സാമ്പത്തിക രംഗത്തെ ബാധിക്കും. ഓരോ പൗരനെയും ബാധിക്കും. ഉദാഹരണത്തിന് ഇപ്പോഴത്തെ തക്കാളി വില തന്നെ. കാലാവസ്ഥ മോശമായപ്പോൾ ചെടികൾ നശിച്ചു. ക്ഷാമമുണ്ടായി. കൃഷിക്ക് ഏറ്റവും നല്ല കാലാവസ്ഥയുള്ളപ്പോഴാണ് ഭക്ഷ്യ ഉത്പാദനം പര്യാപ്തമായ തോതിലെത്തുകയുള്ളൂ. നല്ല കാലാവസ്ഥ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ശരിയായ താപനില, സൂര്യപ്രകാശം, കാറ്റ്, മഴ തുടങ്ങിയവയാണ്. കാറ്റ് ശരിയല്ലെങ്കിൽ പരാഗണത്തെ ബാധിക്കും. മഴ വെള്ളത്തിന്റെ ലഭ്യതയെ ഉറപ്പുവരുത്തുന്നു, വെയിൽ വിളവിന് പ്രധാനവുമാണ്. 2050 ൽ ആഗോള ഭക്ഷ്യ ഉത്പാദനം 17 ശതമാനം കാലാവസ്ഥാ വ്യതിയാനം മൂലം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നതിനാൽ ഈ പ്രശ്‌നം ബാധിക്കുന്നവരിൽ നമ്മളും ഉൾപ്പെടും. ബ്രസീൽ സൊയാബീൻ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്. അവരുടെ പ്രധാന വരുമാനം ആ മേഖലയിൽ നിന്നാണ്. വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഗവേഷണ ഫലങ്ങൾ പറയുന്നത് മഴയുടെ പാറ്റേണിലും താപനിലയിലെ വ്യതിയാനവും മൂലം ബ്രസീലിലെ സൊയാബീൻ, കാപ്പി ഉത്പാദനം 95 ശതമാനം വരെ കുറയുന്നു എന്നാണ്. ഈ ഒരു കണക്ക് പരിശോധിച്ചാൽ എത്രവേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് മനസിലാക്കാം. ഇന്ത്യയിലേക്ക് വന്നാൽ 2019 ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പരാഗണ കാലത്തിനു ശേഷം താപനിലയിൽ വലിയ വർധനവുണ്ടാകുന്നത് വിളവ് ഇന്ത്യയിൽ കുറയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതും ജലക്ഷാമവും ഉത്തരേന്ത്യയിലെ പാടങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇതു നേരിടാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നാഷനൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലിയന്റ് ്അഗ്രികൾച്ചർ (നിക്ര) നിരവധി പദ്ധതികൾ വച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി പ്രായോഗിക തലത്തിൽ കുറവാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ നേതൃത്വത്തിൽ ജില്ലാ അഗ്രികൾച്ചറൽ കണ്ടിൻജൻസി പദ്ധതി മുന്നോട്ടുവച്ചിരുന്നുവെന്ന് 2019 ൽ കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയെ അറിയിച്ചിരുന്നു. ഇത്തരം പദ്ധതികൾക്ക് ലക്ഷ്യം കാണാനായിട്ടില്ല. അതിനു പ്രധാന കാരണങ്ങളിലൊന്ന് താളം തെറ്റിയ കാലാവസ്ഥയാണ്.
കാലം തെറ്റുന്ന കാലവർഷം
കാലിക വാതമായ കാലവർഷം കാലം തെറ്റുന്നുവെന്നതാണ് ഇന്ത്യയിലെ കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒപ്പം തീവ്രകാലാവസ്ഥാ സംഭവങ്ങൾ കൃഷിയെ മാത്രമല്ല ജനജീവിതത്തെയും മണ്ണിനെയും പ്രകൃതിയെയും എല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിലെ കാർഷിക മേഖലയിലെ പ്രധാന സീസണാണ് മൺസൂൺ കാലം. ജൂൺ മുതൽ സെപ്റ്റംബർ വരെ തുടരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ കൃഷി. മൺസൂൺ പാറ്റേണിൽ പ്രകടമായ മാറ്റം കഴിഞ്ഞ പത്തുവർഷത്തെ കണക്ക് പരിശോധിച്ചാൽ കാണാം. കേരളത്തിലെ കാര്യം തന്നെ നോക്കിയാൽ 2015 ന് ശേഷം ആഗോള പ്രതിഭാസങ്ങളായ ലാനിനയും എൽനിനോയും കാരണം വരൾച്ചയും പ്രളയവും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് പ്രളയം, വരൾച്ച പോലുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ. കൂടാതെ മൺസൂൺ മഴയുടെ പാറ്റേണിലെ മാറ്റം പ്രളയം പോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഏതാനും മണിക്കൂറുകളിൽ ഒരു ദിവസം മുഴുവൻ പെയ്യേണ്ട മഴ, തീവ്ര മഴകളുടെ ( 24 മണിക്കൂറിൽ 20 സെ.മിൽ കൂടുതൽ മഴ) എണ്ണം കൂടുന്നത് എന്നിവ കൃഷിയെ നശിപ്പിക്കുന്നു. പ്രളയം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നു. തൽഫലമായി കൃഷിയും കന്നുകാലികളും മനുഷ്യരും തുല്യമായി പ്രയാസം നേരിടുന്നു. കാലവർഷം നേരത്തെ എത്തുന്നത്. വേനൽ മഴ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എല്ലാം കൃഷിയെ ബാധിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ അപ്രതീക്ഷിതമായുണ്ടായ മഴ കേരളത്തിൽ വിളവെടുപ്പിന് പാകമായ ഹെക്ടർ കണക്കിന് നെൽ കൃഷിയെ ബാധിച്ചു. ശക്തമായ കാറ്റ് വാഴകൃഷിയുടെ നട്ടെല്ല് തകർത്തു. മൺസൂണിന്റെ തുടക്കത്തിലെ രണ്ടു മാസം മഴ കുറയുകയും ഓഗസ്റ്റിനു ശേഷം മഴ കൂടുകയും ചെയ്യുന്ന പാറ്റേൺ കുറേ വർഷങ്ങളായി കേരളത്തിൽ കണ്ടുവരുന്നു. നമ്മുടെ കാർഷിക കലണ്ടറും പഴഞ്ചൊല്ലുകളും തിരുത്തുകയാണ് കാലാവസ്ഥ വ്യതിയാനം. ചിങ്ങത്തിൽ ചിങ്ങി ചിങ്ങി പെയ്യേണ്ട മഴ തകർത്തു പെയ്ത് പ്രളയമുണ്ടാക്കുന്നു. മഴ തകർത്തു പെയ്യേണ്ട ഇടവപ്പാതിയും കർക്കിടകവും വെളുക്കെ ചിരിക്കുന്നു. കാർഷിക വിളകളെ നശിപ്പിക്കാൻ ഇതിൽപരം എന്തുവേണം. കാലാവസ്ഥക്ക് അനുയോജ്യമായ കാർഷിക വിളകൾ തെരഞ്ഞെടുക്കാമെന്നുവച്ചാൽ അസ്ഥിരമായ കാലാവസ്ഥ ഒരു എത്തുംപിടിയും നൽകുന്നുമില്ല. ഇക്കാലമത്രയും കേരളത്തിന് അനുഗ്രഹമായ ഭൂപ്രകൃതിയാണ് ഇപ്പോൾ കേരളത്തിൽ കാലാവസ്ഥാ വ്യതിയാന കാലത്ത് നമുക്ക് വില്ലനാകുന്നത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവും കാലവസ്ഥയിൽ നേരിയ മാറ്റം ഉണ്ടാക്കുമ്പോൾ തന്നെ തീവ്രകാലാവസ്ഥാ സാഹചര്യം ഉണ്ടാക്കുന്നു. പ്രളയത്തിന് പ്രധാന കാരണം ഈ ഭൂപ്രകൃതിയാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പകുതി പോലും തമിഴ്‌നാട്ടിൽ ഇല്ലെന്നുള്ളതിന് കാരണം ഭൂപ്രകൃതിയുടെ സ്വാധീനമാണ്. കൂടിയ ചൂടും രൂക്ഷമായ തണുപ്പും ശക്തമായ മഴയും എല്ലാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടല്ലാതാക്കി മാറ്റിയിരിക്കുന്നു. ഈത്തപ്പഴത്തിന്റെ കുരു മുളയ്ക്കാത്ത കേരളത്തിൽ റോഡരികിലും മറ്റും കുരു മുളച്ചുണ്ടായ ഈത്തപ്പന കാണാം. പഴുക്കാത്ത അത്തിമരം ചൂടിൽ പഴുക്കുന്നത് കാണാം. മുന്തിരിക്കുലകൾ പലയിടത്തും കാണാം. കാലാവസ്ഥ മാറുകയാണ്. തിരികെ ലഭിക്കുമോ നമ്മുടെ പഴയ കാലാവസ്ഥയും സംസ്‌കൃതിയും എന്ന ചോദ്യത്തിന് ഉത്തരമില്ല. എത്രാനാൾ ഭൂമിയിൽ മനുഷ്യരുണ്ടാകും എന്നാണ് ഇപ്പോൾ കാലാവസ്ഥാ ശാസ്ത്രജ്ഞരും ആലോചിക്കുന്നത്.
(Metbeat Weather സ്ഥാപകനും MDയുമാണ് ലേഖകൻ)