മഴക്കാലത്ത് വേണം കോളറ പ്രതിരോധം

കാലവർഷക്കാലത്തെ പ്രധാന പകർച്ചവ്യാധികളിൽ ഒന്നാണ് കോളറ. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. തമിഴ് നാട്ടിൽ കോളറ കേസുകൾ വർദ്ധിയ്ക്കുന്നതിനാൽ കേരളത്തിലെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കോളറ പിടിപെടുന്നത്. വിബ്രിയോ കോളെറേ എന്ന ബാക്ടീരിയ പരത്തുന്ന ഈ രോഗം വൃത്തിഹീനമായ ഭക്ഷണ, വെള്ളത്തിലൂടെയാണ് പടരുന്നത്. ശരീരത്തിൽ കയറുന്ന ഈ ബാക്ടീരിയ കോളറാ ടോക്‌സിൻ എന്ന വിഷാംശം ഉൽപാദിപ്പിയ്ക്കും. ഇത് വയറിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ആഹാര വസ്തുക്കളിൽ വന്നിരിയിക്കുന്ന ഈച്ചകളിലൂടെയും പടരാറുണ്ട്. ഈച്ചകൾ ആഹാര സാധനങ്ങളിൽ വന്നിരുന്ന് ഈ ബാക്ടീരിയ ആഹാരത്തിലൂടെ മനുഷ്യ ശരീരത്തിൽ എത്തുന്നു.

കോളറയുടെ പ്രധാന ലക്ഷണങ്ങൾ
വയറിളക്കം, ഛർദി എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് തന്നെ പടരാനുള്ള കഴിവും കോളറാ രോഗത്തിന്റെ സൂചനകളാണ്. ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. ഇതു മൂലം രോഗി വല്ലാതെ ക്ഷീണിയ്ക്കുന്നു. ബിപി കുറയുന്നതും തലകറക്കം വരുന്നതും ബോധക്കേടും കണ്ണുകൾ മറഞ്ഞ് പോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുറയുന്നതിനാൽ തന്നെ മൂത്രത്തിന്റെ അളവ് കുറയുകയും ഇത് വൃക്കയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. വയറിളക്കത്തിനൊപ്പം ഛർദ്ദി കൂടിയുണ്ടാകുന്നത് കൂടുതൽ ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നു.
എപിഡമിക് അഥവാ പകർച്ചവ്യാധി ഗണത്തിൽ പെടുത്തിയിരിയ്ക്കുന്ന ഈ രോഗത്തിന്റെ നിർണയത്തിന് സ്‌ക്രീനിംഗ് ടെസ്റ്റുകളും ഉറപ്പിയ്ക്കാനുള്ള മറ്റു ടെസ്റ്റുകളുമെല്ലാമുണ്ട്. സിങ്ക് ഗുളികകളും ഒആർഎസ് ലായനിയുമെല്ലാം ഇതിനുള്ള പെട്ടെന്നുള്ള പരിഹാര വഴികളാണ്.


കോളറ വരുന്നത് തടയാൻ നമുക്ക് ചെയ്യാവുന്ന ചില മുൻകരുതലുകൾ

* ഉപയോഗിയ്ക്കുന്ന വെള്ളം ശുദ്ധമായിരിയ്ക്കണം. കുടിയ്ക്കാനുളള വെള്ളം മാത്രമല്ല, പാചകത്തിന് ഉപയോഗിയ്ക്കുന്ന വെള്ളവും വായിൽ നാം ഒഴിച്ചു കഴുകുന്ന വെള്ളവുമെല്ലാം നല്ലതാകണം.

* ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് കൈകൾ നല്ലതുപോലെ കഴുകുക. ഭക്ഷണ വസ്തുക്കൾ അടച്ച് സൂക്ഷിയ്ക്കുക. ഈച്ചകൾ വന്നിരിയ്ക്കാനുള്ള സാധ്യത തടയണം. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം കഴിവതും ചൂടോടെ ഉപയോഗിയ്ക്കുക.

* കോളറയുള്ള ആൾ ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റടക്കം അണുനശീകരണം നടത്തിയ ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിയ്ക്കുക. ഇവർ ഉപയോഗിച്ച വസ്തുക്കൾ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.

* കോളറ പടരാൻ സാധ്യതയുള്ള രോഗമായതുകൊണ്ട് രോഗബാധയുണ്ടെന്ന് സംശയം തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ പെട്ടെന്ന് തന്നെ ചികിത്സ തേടുക.

Leave a Comment