വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 75,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാലിഫോര്‍ണിയയുടെ വടക്കുകിഴക്കന്‍ തീരത്താണ് ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 80 ഓളം തുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം മുടങ്ങി. പലയിടത്തും റോഡുകള്‍ വിണ്ടുകീറിയതു മൂലം കുടിവെള്ള പൈപ്പുകളും വൈദ്യുതി കേബിളുകളും മുറിഞ്ഞു. രണ്ടു പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 20 ഓളം പേര്‍ക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.30 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഹംബോള്‍ഡ് കൗണ്ടിയിലെ സാന്‍ഫ്രാന്‍സിസ്‌കോക്ക് വടക്ക് 350 കി.മി അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ചുവന്ന മരങ്ങളുടെ വനം എന്നറിയപ്പെടുന്ന മേഖലയിലാണ് പ്രഭവ കേന്ദ്രം. കൗണ്ടിയില്‍ ഭൂചലനത്തിനു പിന്നാലെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.