കാലവർഷം ഒരാഴ്ചയായി കനത്തു പെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി ഒഴിയുന്നില്ല. അസമിലും മേഘാലയയിലുമാണ് കൂടുതൽ സ്ഥിതി സങ്കീർണം. അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ പ്രളയത്തിൽ മരിച്ചു. 47 ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. 35 ൽ 32 ജില്ലകളിലും കഴിഞ്ഞ ഒരാഴ്ചയായി പ്രളയം തുടരുകയാണ്. 44 പേരാണ് ഇതുവരെ അസമിൽ മാത്രം പ്രളയത്തിൽ മരിച്ചത്. 615 ദുരിതാശ്വാസ കാംപുകളിലായി 2.31 ലക്ഷം പേർ കഴിയുന്നു.
അസമിൽ രക്ഷാപ്രവർത്തനത്തിനിടെ പ്രളയത്തിൽ രണ്ടു പൊലിസുകാർ കൊല്ലപ്പെട്ടു. മധ്യ അസമിലെ നാഗൗൺ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാംപൂർ പൊലിസ് സ്റ്റേഷനിലെ എസ്.ഐ സമുജ്ജൽ കാകോട്ടി, കോൺസ്റ്റബിൾ രാജീവ് ബോർഡോലോയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. 33 ജില്ലകളിലെ 127 റവന്യൂ സർക്കിളുകളിൽ 5,137 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്ന് അസം സ്റ്റേറ്റ് ദുരന്ത നിവാരണ സേന പറഞ്ഞു. പ്രളയമേഖലയിൽ വ്യോമമാർഗം ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ സൈന്യത്തെ ഏർപ്പെടുത്തും. അസം കൂടാതെ അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, എന്നിവിടങ്ങളിൽ ആളുകൾ വലയുകയും മണ്ണിടിച്ചിലും അനുഭവപ്പെട്ടതോടെ നിരവധി നാശനഷ്ടങ്ങളുണ്ടായി. അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി 16കാരൻ മരിച്ചു. രാഗെ ഹില്ലി എന്ന കുട്ടിയാണ് പാർ ജില്ലയിലെ പാപുമിലെ യുപിയയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്. ബൈക്കിൽ വരുകയായിരുന്ന കുട്ടി ഉരുൾപൊട്ടലിൽ അകപ്പെടുകയായിരുന്നു. അരുണാചലിൽ രണ്ടുദിവസത്തിനിടെ ഒരാൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോർട്ട് പ്രകാരം കോപിലി നദി കരകവിഞ്ഞ് ഒഴുകുകയാണ്. ധുബ്രി, ഗോൾപാറ, കാംരൂപ്, ഗുവാഹത്തി, തേസ്പുർ, നിമാട്ടിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞു.