കാലവർഷം: പ്രളയത്തിൽ മുങ്ങി ബംഗ്ലാദേശും ; ഒറ്റപ്പെട്ട് 40 ലക്ഷം പേർ

കാലവർഷത്തെ തുടർന്ന് ബംഗ്ലാദേശിലും കനത്ത മഴയിൽ പ്രളയവും ഉരുൾപൊട്ടലും തുടരുന്നു. കിഴക്കൻ ബംഗ്ലാദേശിൽ ചിറ്റഗോങ്, സിൽഹെട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്ന് ബംഗ്ലാദേശ് ദിനപത്രം പ്രോതോം അലൊ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മിന്നലിലും ഉരുൾപൊട്ടലിലുമായി 25 പേർ ബംഗ്ലാദേശിൽ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മഴ ഏതാനും ദിവസം ശക്തമായി തുടരുമെന്നാണ് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
സിൽഹെട്ടാണ് ഏറ്റവും മോശമായി പ്രളയം ബാധിച്ച പ്രവിശ്യ. ഇവിടെ മൂന്നു ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. 40 ലക്ഷം പേർ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടു. ഇവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കാനാകുന്നില്ല. തീരദേശ നഗരമായ കോക്‌സ് ബസാറിൽ 12,000 പേരെ മാറ്റിപാർപ്പിച്ചു. ഇവിടെയും കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ബംഗ്ലാദേശിൽ മൺസൂൺ കാലത്ത് പ്രളയവും ഉരുൾപൊട്ടലും പതിവാണെങ്കിലും ഇത്തവണ കഴിഞ്ഞ വർഷങ്ങളിൽ കാണാത്തയത്ര രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കെത്തുന്ന നദികളും കരകവിഞ്ഞു.

Leave a Comment