വേനൽക്കാലത്ത് മരങ്ങൾ ഇലകൾ പൊഴിച്ച് വരൾച്ചയിൽ നിന്നും സ്വയം രക്ഷ നേടുന്നു. ഒപ്പം മണ്ണിന് പുതപ്പൊരുക്കി പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കുന്നു. നമ്മുടെ മുറ്റത്തും പറമ്പിലും എല്ലാം കരിയിലകൾ വേനൽക്കാലത്ത് കൂടുതലായി ഉണ്ടാകും. ആ ഇലകളെ വേനൽക്കാലത്ത് ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുന്നവരാണോ നിങ്ങൾ ?
എങ്കിൽ അവയുടെ ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് വായുവിലേക്ക് നിരവധി പദാർത്ഥങ്ങൾ പുറത്തുവിടുന്നു. അവയിൽ ഭൂരിഭാഗവും ദോഷകരമാണ്. കാർബൺ മോണോക്സൈഡ്, ഡയോക്സിൻ ,കണികാ പദാർത്ഥങ്ങൾ, നൈട്രജൻ ഓക്സൈഡുകൾ മറ്റു ദോഷകരമായ കണങ്ങളും വാതകങ്ങളും വരെ ഉൾപ്പെടുന്നു അതിൽ. മുറ്റത്തെ ഇത്തരം മാലിന്യങ്ങൾ കത്തിക്കുന്നത് സിഗരറ്റ് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയെ പോലെ തന്നെ ദോഷകരമാണ്.
കൂടാതെ ഇവ കത്തിക്കുന്നത് മൂലം മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തു ജീവജാലങ്ങൾ ഉഷ്ണ രോഗങ്ങളാൽ കഷ്ടപ്പെടുകയും ചെയ്യുന്നു. ഭൂമിക്ക് അടിയിലെ ജീവന്റെ ഉറവകളും വറ്റാൻ കാരണമാകുന്നു. അപ്പോൾ ഇത്തരം കരിയിലകൾ എന്ത് ചെയ്യുമെന്ന് അല്ലേ ? പേടിക്കേണ്ട അതിനും പരിഹാരമുണ്ട്.
ഇത്തരം ഇലകൾ ഏറ്റവും നല്ല ഒരു ജൈവവളമാണ് . ഇവ ചെടികൾക്കും നമ്മുടെ വീട്ടിലെ പച്ചക്കറി കൃഷികൾക്കും എല്ലാം ഉപയോഗപ്പെടുന്ന ഏറ്റവും മികച്ച ജൈവ വളം . ഈ കരിയിലകൾ പൊടിച്ചോ അല്ലാതെയോ നിങ്ങളുടെ വീട്ടിലെ ചെടികൾക്കും പച്ചക്കറി കൃഷികൾക്കും വലിയ മരങ്ങളുടെ അടിയിലും നിക്ഷേപിക്കാം.