ബ്രഹ്മപുരം: വായു നിലവാരം മെച്ചപ്പെടുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ചത് അണച്ചെങ്കിലും വായുനിരവാരത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വൈറ്റിലയിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റേഷനിൽ വായു നിലവാരസൂചിക (AQI). കേരളത്തിലെ ഏറ്റവും ഉയർന്ന തോതിലാണ്. 177 ആണ് AQI വൈറ്റിലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. തീപിടുത്തം ഉണ്ടായ ദിവസങ്ങളിൽ 340 വരെ റിപോർട്ട് ചെയ്തിരുന്നു. കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ AQl നൂറിന് താഴെയാണ്.

കടലിൽ നിന്നുള്ള കാറ്റ് പ്രവേശിക്കാത്തതാണ് കൊച്ചിയിൽ വായു നിലവാരം മോശം സ്ഥിതിയിൽ തുടരാൻ കാരണം. എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കടൽക്കാറ്റ് കയറിത്തുടങ്ങിയതാണ് വായു നിലവാരത്തിൽ പുരോഗതി ഉണ്ടാകാൻ കാരണം.

Leave a Comment