അസമിൽ 31,000 ത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും മഴകനക്കും എന്ന് മുന്നറിയിപ്പ്

അസമിൽ വിവിധ ജില്ലകളിലായി ഇപ്പോഴും 31,000ത്തോളം ആളുകൾ പ്രളയത്തിന്റെ ആഘാതത്തിൽ കഴിയുന്നുണ്ടെന്ന് റിപ്പോർട്ട്. 10 ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിവരം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, കൊക്രജാർ, ലഖിംപൂർ, നാൽബാരി, സോനിത്പൂർ, ഉദൽഗുരി ജില്ലകളെയാണ് പ്രധാനമായും പ്രളയം ബാധിച്ചതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എ എസ് ഡി എം എ) അറിയിച്ചു. ലഖിംപൂർ ജില്ലയിൽ മാത്രം 22,000ത്തോളമാണ് പ്രളയബാധിതർ. ദിബ്രുഗഡിൽ 3,800, കൊക്രജാർ 1,800 എന്നിങ്ങനെയാണ് ദുരിതബാധിതരുടെ എണ്ണം.

ഏഴ് ജില്ലകളിലായി 25 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. എന്നാൽ ഇവയൊന്നും പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. 444 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 4,741.23 ഹെക്ടർ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നും എ എസ് ഡി എം എ വ്യക്തമാക്കി.ബിശ്വനാഥ്, ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, കാംരൂപ്, കരിംഗഞ്ച്, കൊക്രജാർ, ലഖിംപൂർ, മജുലി, മോറിഗോൺ, നാഗോൺ, നാൽബാരി, ശിവസാഗർ, സോനിത്പൂർ, സൗത്ത് സൽമാര, തമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളിൽ വലിയ തോതിൽ മണ്ണൊലിപ്പുണ്ടായി. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് മെട്രോപൊളിറ്റൻ, കരിംഗഞ്ച് എന്നിവിടങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായതായും എ എസ് ഡി എം എ അറിയിച്ചു.

സോനിത്പൂർ, നാഗോൺ, നൽബാരി, ബക്സ, ചിരാംഗ്, ദരാംഗ്, ധേമാജി, ഗോൾപാറ, ഗോലാഘട്ട്, കാംരൂപ്, കോക്രജാർ, ലഖിംപൂർ, ദിബ്രുഗഡ്, കരിംഗഞ്ച്, ഉദൽഗുരി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ബ്രഹ്മപുത്ര അടക്കമുള്ള നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.

Leave a Comment