പശ്ചിമവാതം (western disturbance) ദുർബലമാകുന്നതോടെ ദേശീയ തലത്തിലും കാലാവസ്ഥയിൽ മാറ്റംവരുന്നു. 2 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഡൽഹിയിൽ വീണ്ടും കുറഞ്ഞ താപനില രണ്ടക്കത്തിലേക്ക് ഉയരും. അടുത്തയാഴ്ച മഴക്കും സാധ്യതയുണ്ട്.
ഈ മാസം 23 ന് ശേഷമാണ് ഡൽഹിയിൽ മഴക്ക് സാധ്യതയുള്ളത്. മഴയോടെ താപനില ഉയർന്നു തുടങ്ങും. അതേസമയം, ഹിമാലയൻ മേഖലയിൽ പശ്ചിമവാതം ശക്തമായി തുടരുന്നതിനാൽ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മിർ, ലഡാക്ക്, ഗിൽജിത് ബാൾടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിൽ 22 വരെ മഞ്ഞു വീഴ്ചയുണ്ടാകും.
വടക്കൻ പഞ്ചാബിലും ഹരിയാനയിലും ചണ്ഡിഗഡിലും, ഡൽഹിയിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, വടക്ക് രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 23 നും 26 നും ഇടയിൽ മഴ സാധ്യതയുണ്ട്.
ഒഡിഷ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത മൂന്നു ദിവസം മൂടൽമഞ്ഞു ശക്തമാകും. വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ കുറഞ്ഞ താപനില രണ്ടു ഡിഗ്രി ഉയരും. മധ്യപ്രദേശിൽ മൂന്നു മുതൽ 5 ഡിഗ്രിവരെ താപനില ഉയരും. കിഴക്കൻ ഇന്ത്യയിൽ 2 നും 4 നും ഇടയിൽ കുറഞ്ഞ താപനില ഉയരും. മഹാരാഷ്ട്രയിൽ അടുത്ത അഞ്ചു ദിവസം 5 ഡിഗ്രി വരെ കുറഞ്ഞ താപനില ഉയരും.