കാലവർഷം ഇന്ന് കേരളത്തിൽ എത്തിയെന്ന് ഐ.എം.ഡി

കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി ) സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാലവർഷം കേരളത്തിൽ എത്തിയകാര്യം കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാധാരണ കേരളത്തിന്റെ തെക്കൻ മേഖലകളിൽ ആണ് ആദ്യം കാലവർഷം എത്തുന്നത്. തുടർന്ന് മധ്യ ,വടക്കൻ മേഖലകളിൽ 1-2 ദിവസം കൊണ്ട് പുരോഗമിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കാലവർഷം ആദ്യ ദിവസം തന്നെ പുരോഗമിച്ചു എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. വടക്കൻ കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് കൂടി അടുത്ത ദിവസം കാലവർഷം എത്താൻ അനുകൂല സാഹചര്യം ആണെന്നാണ് ഐ.എം.ഡി നിഗമനം.
മെയ് 15 മുതൽ കേരളത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനംമൂലം ശക്തമായ മഴ ലഭിച്ചിരുന്നു. കാലവർഷത്തിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് കഴിഞ്ഞ 15 മുതൽ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ കാലവർഷമെത്തി എന്ന് സ്ഥിരീകരിക്കാൻ കാലാവസ്ഥാ വകുപ്പ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്തതു കൊണ്ടാണ് കാലവർഷത്തിന് ഔദ്യോഗിക സ്ഥിരീകരണം വൈകിയത്. മാനദണ്ഡങ്ങളിൽ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തു വന്നെങ്കിലും പൂർണമായി അത് പാലിക്കപ്പെടാത്ത സാഹചര്യമാണ് ഔദ്യോഗിക സ്ഥിരീകരണം വൈകാൻ ഇടയാക്കിയത്.
കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ
1 കാറ്റിന്റെ ദിശ

4.2 km ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യം. ( 0-10 N latitude നും 55E- 80 E longitude ഇടയിൽ )

2 കാറ്റിന്റെ വേഗത

750 മീറ്റർ ഉയരത്തിൽ കാറ്റിന്റെ വേഗത 27-37 km/ hr ( 5-10 N latitude നും 70E- 80 E longitude ഇടയിൽ ).

3 ഇൻസാറ്റ് ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന Outgoing Longwave Radiation ( OLR ) 200 W/ m^2 താഴെ ആയിരിക്കണം ( 5-10 N latitude നും 70E- 75 E longitude ഇടയിൽ )
മുകളിലെ മൂന്നു മാനദണ്ഡങ്ങളും അതോടൊപ്പം
മെയ്‌ 10 ന് ശേഷം മിനിക്കോയ്‌, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുടുലു, മംഗ്ളൂർ എന്നീ 14 സ്റ്റേഷനുകളിൽ ഏതെങ്കിലും 60% ( 8 സ്റ്റേഷൻ ) എങ്കിലും തുടർച്ചയായി രണ്ട് ദിവസം 2.5 mm അതിൽ കൂടുതലോ മഴ രേഖപെടുത്തിയാൽ രണ്ടാമത്തെ ദിവസം കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിക്കും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment