How are Cyclones Named in the World? ചുഴലിക്കാറ്റുകളുടെ പേരിടുന്നത് ആര്, എങ്ങനെ?

How are Cyclones Named in the World? ചുഴലിക്കാറ്റുകളുടെ പേരിടുന്നത് ആര്, എങ്ങനെ?

ചുഴലിക്കാറ്റുകള്‍ക്ക് എപ്പോഴും ഒരു പേര് നാം കേള്‍ക്കാറുണ്ട്. വെളുത്തതെല്ലാം പാലല്ല എന്നു പറയും പോലെ ചുഴറ്റിയടിക്കുന്ന കാറ്റെല്ലാം ചുഴലിക്കാറ്റല്ല. വേനല്‍ മഴക്കൊപ്പം ഉണ്ടാകുന്ന കാറ്റിനെ പലരും ചുഴലിക്കാറ്റ് എന്ന് തെറ്റായി പറയാറുണ്ടെങ്കിലും ന്യൂനമര്‍ദം ശക്തിപ്പെട്ടുണ്ടാകുന്നതാണ് യഥാര്‍ഥ ചുഴലിക്കാറ്റ്. കടലിലാണ് ചുഴലിക്കാറ്റുകള്‍ സാധാരണ രൂപം കൊള്ളുന്നത്. ഇതേ കുറിച്ച് വിഡിയോ, ടെക്‌സ്റ്റ് റിപ്പോര്‍ട്ടും മറ്റും നേരത്തെ നല്‍കിയതിനാല്‍ വിശദമാക്കുന്നില്ല.

പേരിടുന്നതിലെ ചരിത്രം, ആര് എങ്ങനെ?

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകളാണ് സാധാരണ ചുഴലിക്കാറ്റുകള്‍ (Cyclone) എന്ന് അറിയപ്പെടുന്നത്. മറ്റു സമുദ്രങ്ങളിലെ ചുഴലിക്കാറ്റുകള്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. ഉദാ- ടൈഫൂണ്‍ (പസഫിക്), ഹൊറികെയ്ന്‍ (അറ്റ്‌ലാന്റിക്) തുടങ്ങിയവ. യു.എന്നിന്റെ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) ആണ് ചുഴലിക്കാറ്റുകളുടെ പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 1953 യു.എസിലെ നാഷനല്‍ ഹൊറിക്കെയ്ന്‍ സെന്റര്‍ ആണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഹൊറിക്കെയ്‌ന് (ചുഴലിക്കാറ്റ്) പേര് ആദ്യമായി നിര്‍ദേശിച്ചത്. 1900 കളില്‍ സ്ത്രീ നാമമായിരുന്നു ചുഴലിക്കാറ്റിന് പ്രധാനമായും നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഡബ്ല്യു.എം.ഒയുടെ നേതൃത്വത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.

ലോകത്ത് ആകമാനം ആറ് റീജ്യനല്‍ സ്‌പെഷലൈസ്ഡ് മീറ്റിയോറളജിക്കല്‍ സെന്റര്‍ (ആര്‍.എസ്.എം.സി) കളാണുള്ളത്. ഇവരാണ് അഞ്ച് ട്രോപിക്കല്‍ മേഖലയിലെ സൈക്ലോണ്‍ വാണിങ് സെന്ററുകളെ നിയന്ത്രിക്കുന്നത്. ഇതിലൊരു ആര്‍.എസ്.എം.സിയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). ന്യൂനമര്‍ദ സിസ്റ്റത്തിലെ ഭൂതല കാറ്റ് 62 കി.മി വേഗത്തിലെത്തിയാല്‍ ഐ.എം.ഡി ചുഴലിക്കാറ്റ് സ്ഥിരീകരിക്കും.

 

യു.എസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മാനദണ്ഡം വ്യത്യ്‌സ്തമായതിനാല്‍ പലപ്പോഴും അവര്‍ പറയുന്ന ചുഴലിക്കാറ്റ് ഐ.എം.ഡി സ്ഥിരീകരിക്കാറില്ല. ചുഴലിക്കാറ്റിന്റെ പേരിടലിലും ഇന്ത്യന്‍ മഹാസമുദ്രത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍ക്കൊള്ളുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് ഒരു പട്ടികയും ഭൂമധ്യരേഖക്ക് സമീപത്തെ തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മറ്റൊരു പട്ടികയുമാണ് നിലവിലുള്ളത്.

പേരിടല്‍ എങ്ങനെ, മാനദണ്ഡം എന്തെല്ലാം


ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റുകള്‍ക്ക് പേരിട്ട് തുടങ്ങിയത് 2004 ലാണ്. വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപത്തെ 13 രാജ്യങ്ങളാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. മതം, രാഷ്ട്രീയം, വിശ്വാസം, ലിംഗം, സംസ്‌കാരം തുടങ്ങിയ വിവിധ രംഗങ്ങളിലെ പേരാണ് അതതു രാജ്യങ്ങള്‍ നിര്‍ദേശിക്കുക. ഒരിക്കല്‍ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കാനാകില്ല.

എട്ടു അക്ഷരങ്ങളേ പരമാവധി പാടുള്ളൂ. ഏതെങ്കിലും രാജ്യത്തെയോ അവരുടെ വികാരത്തെയോ സമൂഹത്തെയോ സമുദായത്തെയോ ഹനിക്കുന്ന പേര് അനുവദിക്കില്ല എന്നിങ്ങനെയാണ് പേരിടലിലെ നിബന്ധനകള്‍. 2020 ലാണ് ഏറ്റവും പുതിയ പട്ടിക പുറത്തുവന്നത്. അതില്‍ 169 പേരുകളുണ്ട്. 13 രാജ്യങ്ങളാണ് ടേമുകളായി ഈ പേരുകള്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ പേരുകള്‍ ഗതി (വേഗം), മേഘ (മേഘം), ആകാശ് (ആകാശം) എന്നിവയാണ്. ബംഗ്ലാദേശ്, ഒഗ്നി, ഹാലേന്‍, ഫാനി എന്നിവയും പാകിസ്താന്‍ ലൈല, നര്‍ഗീസ്, ബുള്‍ബുള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തി.

അസാനിയും കരീമും


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പേരാണ് ഉപയോഗിക്കുക. ഈ പട്ടികയിലെ ശ്രീലങ്ക നിര്‍ദേശിച്ച അസാനി ആണ് ഇപ്പോഴത്തെ ചുഴലിക്കാറ്റിന്റെ പേര്. ഈ മേഖലയിലെ റീജ്യനല്‍ കാലാവസ്ഥാ ഏജന്‍സി ഇന്ത്യയുടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ആയതിനാല്‍ ഐ.എം.ഡി സ്ഥിരീകരിച്ചാലേ പേര് നിലവില്‍ വരൂ. ഉദാഹരണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായതായി അമേരിക്കയുടെ ഏജന്‍സി സ്ഥിരീകരിച്ചെങ്കിലും ഐ.എം.ഡി സ്ഥിരീകരിച്ചിരുന്നില്ല.

അതിനാല്‍ അസാനി എന്ന പേരില്‍ അത് അറിയപ്പെട്ടിരുന്നില്ല. കഴിഞ്ഞ ചുഴലിക്കാറ്റ് സൗദി അറേബ്യ നിര്‍ദേശിച്ച ജവാദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശ്രീലങ്കയുടെ അസാനിയുടെ പേര് സിംഹള ഭാഷയിലുള്ളതാണ്. ഉഗ്ര കോപം എന്നാണ് ഇതിന്റെ അര്‍ഥം. അടുത്ത ചുഴലിക്കാറ്റിന് തായ്‌ലന്റാണ് പേരിടുക. സിത്രാങ് ആണ് അവര്‍ നിര്‍ദേശിച്ച പേര്. തുടര്‍ന്ന് യു.എ.ഇ നിര്‍ദേശിച്ച മണ്ടൂസ് ആണ് പേര്. തുടര്‍ന്ന് യെമന്‍ നിര്‍ദേശിച്ച മോക്കയും. തുടര്‍ന്ന് ബംഗ്ലാദേശിന്റെ ബിപര്‍ ജോയിയും ഇന്ത്യയുടെ തേജും വരും.


തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇപ്പോള്‍ മറ്റൊരു ചുഴലിക്കാറ്റുണ്ട്. ഭൂമധ്യരേഖക്ക് സമീപം കരീം എന്ന പേരിലാണ് ഇപ്പോള്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറിയപ്പെടുക. ഈ മേഖലയിലെ രാജ്യങ്ങള്‍ (പ്രധാനമായും ആഫ്രിക്കന്‍, യൂറോപ്യന്‍) ആണ് തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുക. കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സെയ്‌ഷെല്‍സ് ആണ് ഈ പേര് നിര്‍ദേശിച്ചത്. ഇനി ഈ മേഖലയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് ലെസോതോ നല്‍കിയ ലെത്‌ലാമ എന്ന പേരിലാണ് അറിയപ്പെടുക. തുടര്‍ന്ന് മയ്‌പെലോ ആണ് പേരു വരിക. ബോത്സാനയാണ് ഈ പേര് നിര്‍ദേശിച്ചത്. മലാവി നിര്‍ദേശിച്ച നജാസിയാകും തുടര്‍ന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ പേര്.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020