കാലവർഷം ആൻഡമാന് അരികെ, ഇന്നുമുതൽ പ്രീ മൺസൂൺ മഴ വിവിധ ജില്ലകളിൽ
കേരളത്തിൽ ഇന്ന് മുതൽ മൺസൂൺ പൂർവകാല മഴ ( Pre Monsoon Rainfall ) വിവിധ ജില്ലകളിൽ ലഭിച്ചു തുടങ്ങും. ഈ മാസം അവസാന വാരം കേരളത്തിൽ കാലവർഷം (South West Monsoon – 2025 ) എത്തുമെന്നാണ് നിരീക്ഷണം. മെയ് 13 ന് കാലവർഷം ഇന്ത്യൻ മേഖലയിലെ ആദ്യ സ്റ്റോപ്പായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ (IMD) യുടെ പ്രവചനം. ഇന്നു മുതൽ ആൻഡമാനിൽ കാറ്റും മഴയും ശക്തമാകും.
ഇന്നു മുതൽ മഴ സാധ്യത
കേരളത്തിൽ ഇന്ന് മുതൽ മഴ സാധ്യത എല്ലാ ജില്ലകളിലും വർധിക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യത്തെ തുടർന്ന് കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷം ഉടലെടുക്കും. രാവിലെ മുതൽ ചിലയിടങ്ങളിൽ മഴ രേഖപ്പെടുത്തി. കാലവർഷം (south west monsoon) കേരളത്തിൽ എത്താൻ ഇനിയും 12 ദിവസമെങ്കിലും കഴിയും.
ഈ മാസം 13ന് സാധാരണയെക്കാൾ ഒരാഴ്ച മുമ്പ് കാലവർഷം ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തും. സാധാരണ രീതിയിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ കാലവർഷം എത്തി 12 ദിവസമെങ്കിലും കഴിഞ്ഞാണ് കേരളത്തിൽ കാലവർഷം ഓൺസെറ്റ് ആകുക. മെയ് 22 നകം കാലവർഷം കേരളത്തിൽ എത്തി എന്നുള്ളത് സ്ഥിരീകരിക്കാൻ കഴിയുന്ന സാഹചര്യമൊരുങ്ങും.
ഇന്നുമുതൽ ഒറ്റപ്പെട്ട മഴയാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കേണ്ടത്. മാസം 20 മുതൽ കേരളത്തിൽ കൂടുതൽ ജില്ലകളിൽ മഴ സജീവമാകും. ഇരുപതിനും 26നും ഇടയിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത. ഇന്നുമുതൽ മഴ പല ജില്ലകളിലായി ലഭിച്ചു തുടങ്ങുമെങ്കിലും കേരളത്തിൽ ചൂടിന് കുറവുണ്ടാകില്ല. എല്ലാ ജില്ലകളിലും പകൽ കൂടിയ ചൂട് തുടരും. രാത്രി അസ്വസ്ഥത ഉണ്ടാക്കുന്ന കാലാവസ്ഥയും അനുഭവപ്പെടും.
കാലവർഷം എത്തുകയും സജീവമാവുകയും ചെയ്യുമ്പോഴേ കുറവ് ഉണ്ടാവുകയുള്ളൂ. നീ അവസാനവാരത്തോടെ ചൂട് കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ മെയ് 27 കാലവർഷം എത്തും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.
English Summary : Stay updated on pre-monsoon rainfall near the Andaman Islands. Explore how weather patterns are affecting different districts starting today.