അപ്രതീക്ഷിത ഭൂകമ്പത്തിന്റെ ഞെട്ടൽ മാറാതെ ന്യൂയോർക്ക് നിവാസികൾ
അപ്രതീക്ഷിത ഭൂകമ്പത്തിന്റെ ഞെട്ടൽ മാറാതെ ന്യൂയോർക്ക് നിവാസികൾ. ഭൂചലനമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളിലെ ആളുകളുടെ പ്രതികരണം വിശദമാക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ജനങ്ങളുടെ ഭീതി വ്യക്തമാകുന്നത്. അമേരിക്കയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം 140 വർഷത്തിനിടയിലുണ്ടായ ശക്തമായ ഭൂമികുലുക്കമെന്നാണ് വിദഗ്ധർ പറയുന്നത്.
നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ വാർപ്പ് ഇളകിയാടുന്നതും ക്ലാസിനിടയിൽ കെട്ടിടം കുലുങ്ങുന്നതും വിദ്യാർത്ഥികളും അധ്യാപകനും ഡെസ്കിനടിയിൽ അഭയം തേടുന്നതും ബാൽക്കണിയിലെ കുലുക്കവുമെല്ലാമാണ് വീഡിയോയിലുള്ളത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ഉണ്ടായത്.
പതിറ്റാണ്ടുകൾക്ക് ശേഷം ഈ മേഖലയിലുണ്ടാവുന്ന ഏറ്റവും വലിയ ഭൂകമ്പമാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്കിലെ പ്രധാന നിർമ്മിതികൾ എല്ലാം തന്നെ ഭൂകമ്പത്തിൽ കുലുങ്ങി വിറച്ചു.