വടക്കന്‍ ജപ്പാനിലെ ഹൊക്കയ്‌ദൊ ദ്വീപില്‍ ശക്തമായ ഭൂചലനം. 6.1 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാത്രി പ്രാദേശിക സമയം 10.27 ന് റിപ്പോര്‍ട്ട് ചെയ്തത്. 43 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയും ഭൂചലനം സ്ഥിരീകരിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജപ്പാനിലെ വടക്കന്‍ ദ്വീപാണ് ഹൊക്കയ്‌ദൊ. നെമുറോ ഉപഭൂഖണ്ഡത്തില്‍ 61 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല.
കടലിനോട് ചേര്‍ന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തീരദേശ നഗരങ്ങളായ കുഷിറോ, നെമുറോ എന്നിവിടങ്ങളിലാണ് കാര്യമായി ഭൂചലനം ബാധിച്ചത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്നാണ് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരദേശവാസികളോട് ജാഗ്രത പാലിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ജപ്പാനും സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ഭൂചലനങ്ങള്‍ പതിവാണ്.